സംസ്ഥാനത്ത് വാക്സിന്‍ പ്രതിസന്ധി; മിക്ക ജില്ലകളിലും സ്റ്റോക്ക് തീര്‍ന്നതായി ആരോഗ്യമന്ത്രി
നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പല ജില്ലകളും വാക്സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും വാക്സിന്‍ സ്റ്റോക്കില്ലെന്നും നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
1.66 കോടിയിലധികം ഡോസ് വാക്സിനാണ് കേന്ദ്രം നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ 1.88 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കി. 45 വയസിന് മുകളിലുള്ള 76 ശതമാനം പേർക്കാണ് ആദ്യഡോസ് നൽകിയത്. 35 ശതമാനത്തിന് രണ്ടാം ഡോസും നൽകി. വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് നൂറു ശതമാനം വാക്സിന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ വാക്സിനേഷന്‍ നിരക്ക് മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുകളിലാണ്. വാക്സിൻ നൽകുന്നതിൽ വേർതിരിവില്ല. എല്ലാവര്‍ക്കും വാക്സിന്‍ അവകാശമുണ്ട്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവര്‍ക്കും നല്‍കുമെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി.
വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ പുറത്തിറക്കിയ വിചിത്ര ഉത്തരവ് മന്ത്രി ന്യായീകരിച്ചു. രോഗികളുടെ എണ്ണവും സാഹചര്യവും നോക്കി ജില്ലാ കലക്ടർമാർക്ക് തീരുമാനമെടുക്കാമെന്നാണ് മന്ത്രിയുടെ വിശദീകരണം. കോവിഡ് വാക്സിന്‍ എടുക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് നടത്തണമെന്നായിരുന്നു കലക്ടറുടെ ഉത്തരവ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് 72 മണിക്കൂർ എന്നത് കളക്ടർ 15 ദിവസമായി തിരുത്തിയിരുന്നു.
അതേസമയം, മൂന്ന് സിക കേസുകൾ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചായി ആരോഗ്യമന്ത്രി പറഞ്ഞു. ആകെ 51 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അഞ്ച് സജീവ കേസുകളാണ് നിലവിലുള്ളത്. ഇന്ന് 11,586 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 16,170 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,912 പേര്‍ രോഗമുക്തി നേടി.