'രഞ്ജിത്തിനെ മാറ്റിയില്ലെങ്കിൽ പ്രക്ഷോഭം': രാജിക്കായി സമ്മർദം ചെലുത്തി സിപിഐയും എഐവൈഎഫും
'രഞ്ജിത്ത് സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം'
തിരുവനന്തപുരം: രഞ്ജിത്തിന്റെ രാജിക്കായി സമ്മർദം ചെലുത്തി സിപിഐയും എഐവൈഎഫും. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് മാറി നിൽക്കണമെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. രാജി ഇല്ലെങ്കിൽ മറ്റന്നാൾ അക്കാദമി ഓഫീസിലേക്ക് എഐവൈ എഫ് മാർച്ച് നടത്തും. ആരോപണം ഗൗരവമുള്ളതിനാൽ രഞ്ജിത്ത് സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ ന്യായീകരിച്ചത് ഒട്ടും ശരിയായില്ലെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ പറഞ്ഞു.
ബംഗാളി നടിയുടെ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെയ്ക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിട്ടുണ്ട്. എന്നാൽ രഞ്ജിത്തിന്റെ രാജിക്കാര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്നാണ് സിപിഎം ആലോചന. രാജിക്കായി സമ്മർദ്ദം ഉയരുമ്പോഴും സർക്കാർ രഞ്ജിത്തിനെ കൈവിട്ടിട്ടില്ല. രഞ്ജിത്ത് രാജിവെക്കുന്നതാണ് നല്ലതെന്ന അഭിപ്രായം എൽഡിഎഫിൽ ഒരു വിഭാഗത്തിനുണ്ട്. അതേസമയം രാജിക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാണ് നിർണായകമാവുക.
പ്രതിപക്ഷവും വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹം സ്ഥാനത്തുനിന്നു മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. കേരളത്തിന് ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ലെന്നും ചെയർമാൻ സ്ഥാനം രാജിവച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി ഇറങ്ങുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.