'രാഷ്ട്രീയം കളിക്കുന്ന ഗവർണറെ സർക്കാർ എന്തിന് സംരക്ഷിക്കുന്നു?' അതൃപ്തി മാറാതെ സി.പി.ഐ

ആലങ്കാരിക പദവിയായ ഗവർണർ സ്ഥാനം വേണ്ടന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സി.പി.ഐ

Update: 2022-02-20 00:45 GMT
Advertising

ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനെന്ന പേരിൽ ഗവർണർക്ക് വഴങ്ങിക്കൊടുത്ത സർക്കാർ തീരുമാനത്തിൽ സി.പി.ഐയുടെ അതൃപ്തി തുടരുന്നു. ഉത്തരവാദിത്വം നിറവേറ്റാതെ രാഷ്ട്രീയം കളിച്ച ഗവർണറെ സർക്കാർ സംരക്ഷിച്ചത് എന്തിനാണെന്നാണ് സി.പി.ഐയുടെ ചോദ്യം. ഗവർണർ തുടർച്ചയായി സർക്കാരിനെ സമ്മർദത്തിലാക്കുമ്പോഴും മൗനം തുടരുന്ന മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം ഉന്നത നേതൃത്വത്തിന്റെ നിലപാടിലും സി.പി.ഐക്ക് അമർഷമുണ്ട്. അതേസമയം ഗവർണർക്കെതിരെയുള്ള നിലപാട് മയപ്പെടുത്തുന്നെന്ന സൂചനകളാണ് സി.പി.എം നേതാക്കളുടെ പ്രതികരണങ്ങളിലുള്ളത്.

ആലങ്കാരിക പദവിയായ ഗവർണർ സ്ഥാനം വേണ്ടന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സി.പി.ഐ. നയപ്രഖ്യാപനത്തിനു തലേ ദിവസം കീഴ്‌വഴക്കങ്ങൾ മറികടന്ന് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടതിന്‍റെ അമർഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഭരണഘടനാ ബാധ്യത നിറവേറ്റാതെ വിലപേശൽ നാടകം കളിച്ച ഗവർണർക്കു മുന്നിൽ എന്തിനു സർക്കാർ വഴങ്ങി എന്ന ചോദ്യമാണ് സി.പി.ഐ ഉയർത്തുന്നത്. ഗവർണർ പറഞ്ഞതനുസരിച്ച് പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിലും ഇക്കാര്യങ്ങളൊന്നും കൂടിയാലോചന നടത്താത്തതിലും സി.പി.ഐക്ക് അതൃപ്തിയുണ്ട്.

അതേസമയം ഗവർണർക്കെതിരെ ആദ്യം ശക്തമായ വിമർശനം ഉന്നയിച്ച സി.പി.എം നേതാവ് എ.കെ ബാലൻ നിലപാട് മയപ്പെടുത്തി. ഗവർണറെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്തത് എന്നായിരുന്നു ഇന്നലെ ബാലന്‍റെ പ്രതികരണം. ലോകായുക്ത നിയമ ഭേദഗതിക്കു പിന്നാലെ നയപ്രഖ്യാപന വിവാദത്തിലും സി.പി.എം സമീപനത്തിൽ സി.പി.ഐക്ക് ശക്തമായ വിയോജിപ്പുണ്ട്. എന്നാൽ ഭിന്നത പരിഹരിക്കാനുള്ള ഒരു ശ്രമവും സി.പി.എം നേതൃത്വം ഇതുവരെ നടത്തിയിട്ടില്ല.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News