ആർ.എസ്.എസ് വേദിയിൽ പങ്കെടുത്തെന്ന വിവാദത്തിൽ സി.പി.ഐ സാംസ്‌കാരിക സംഘടനാ സെക്രട്ടറിയും
പട്ടാമ്പിയില്‍ നടന്ന ഹിന്ദു ഐക്യവേദി പരിപാടിയിലാണ് സി.പി.ഐ സാംസ്കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറിയായ അഹമ്മദ് മാസ്റ്റർ പങ്കെടുത്തത്.
പാലക്കാട്: ആർ.എസ്.എസ് വേദിയിൽ പങ്കെടുത്തെന്ന വിവാദത്തിൽ സി.പി.ഐയുടെ സാംസ്കാരിക സംഘടനാ സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ് മാസ്റ്ററും. പട്ടാമ്പിയില്‍ നടന്ന ഹിന്ദു ഐക്യവേദി പരിപാടിയിലാണ് സി.പി.ഐ സാംസ്കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറിയായ അഹമ്മദ് മാസ്റ്റർ പങ്കെടുത്തത്. സംവാദത്തിന് രാഷ്ട്രീയമില്ലെന്നായിരുന്നു അഹമ്മദ് മാസ്റ്ററുടെ പ്രതികരണം.
മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദർ , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സി.പി.എം നേതാവ് കെ.കെ ശൈലജ എം.എൽ.എ എന്നിവർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിനിടെയാണ് സി.പി.ഐയുടെ സാംസ്കാരിക സംഘടനയായ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ് മാസ്റ്റർ ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ വിഷയാവതാരകനായി പങ്കെടുത്തത്. പ്രധാന രാഷ്ട്രീയ നേതാക്കൾ മറ്റ് സംഘടനകളുടെ സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് അഹമ്മദ് മാസ്റ്റർ പറഞ്ഞു.
കേരളം താലിബാനിസത്തിലേക്കോ എന്ന പേരിലാണ് ഹിന്ദു ഐക്യവേദി പട്ടാമ്പിയിൽ സെമിനാർ സംഘടിപ്പിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല, കുരുക്ഷേത്ര പ്രകാശൻ ചീഫ് എഡിറ്റർ കാഭാ സുരേന്ദ്രൻ അടക്കമുള്ള സംഘ്പരിവാർ നേതാക്കൾ സെമിനാറിൽ പങ്കെടുത്തിരുന്നു.