വിധി പുനഃപരിശോധിക്കാൻ അഞ്ചംഗ ഉന്നതാധികാര സമിതിയെ നിയമിക്കണം; ലോകായുക്ത നിയമ ഭേദഗതിയിൽ പുതിയ നിർദേശവുമായി സി.പി.ഐ
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികൾക്കൊപ്പം പ്രതിപക്ഷ നേതാവിനെയും ഉൾപ്പെടുത്തിയ സമിതിയെന്നത് സി.പി.ഐയുടെ നിർദേശമാണ്
തിരുവനന്തപുരം: ലോകായുക്ത വിധി പുനഃ പരിശോധിക്കാൻ അഞ്ചംഗ ഉന്നതാധികാര സമിതിയെന്ന ഭേദഗതി നിർദേശം സർക്കാരിന്‍റെ പരിഗണനയിൽ. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികൾക്കൊപ്പം പ്രതിപക്ഷ നേതാവിനെയും ഉൾപ്പെടുത്തിയ സമിതിയെന്നത് സി.പി.ഐയുടെ നിർദേശമാണ്. സി.പി.എം- സി.പി.ഐ ചർച്ചയ്ക്കുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലിൽ ഔദ്യോഗിക ഭേദഗതിയായി ഇത് കൊണ്ടുവരാനാണ് സർക്കാരിന്‍റെ ആലോചന.
ലോകായുക്തയുടെ ശിപാര്‍ശയില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്കും ഗവർണർക്കും അധികാരം നൽകുന്ന ഓര്‍ഡിനന്‍സിലെ ഭേദഗതിയെയാണ് സി.പി.ഐ എതിർക്കുന്നത്. ഇതിനുപകരം അഞ്ചംഗ ഉന്നത അധികാര സമിതി വേണമെന്നാണ് സി.പി.ഐയുടെ ആവശ്യം. പാർട്ടി പ്രതിനിധിയായി റവന്യൂ മന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന താല്‍പര്യവും സി.പി.ഐക്ക് ഉണ്ട്. പ്രതിപക്ഷ നേതാവ് സമിതിയിൽ അംഗമാണെങ്കിലും ഭൂരിപക്ഷം സർക്കാർ തന്നെയാകും. ഇതും ലോകായുക്ത നിയമത്തിൽ വെള്ളം ചേർക്കൽ ആണെന്ന അഭിപ്രായവും സി.പി.ഐയിലെ ഒരു വിഭാഗത്തിനുണ്ട്. 20ന് കൊല്ലത്ത് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്ത് സി.പി.എമ്മിനെ അറിയിക്കും.
സി.പി. ഐയുടെ അഭിപ്രായം ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവന്ന് നിയമത്തിൽ മാറ്റം വരുത്താം എന്ന ഉറപ്പ് മുഖ്യമന്ത്രിയും സി.പി.എ നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്. എന്നാൽ സി.പി.ഐ നിർദേശിക്കുന്ന അതേ രൂപത്തിൽ നിയമ നിർമാണത്തിന് സി.പി.എം തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തിങ്കളാഴ്ച നിയമസഭ ആരംഭിക്കുന്നതിന് മുന്‍പ് സി.പി.എം- സി.പി.ഐ നേതൃത്വം നേതൃത്വം ചർച്ച നടത്തും. ബില്ല് സഭയിൽ കൊണ്ടുവരുന്നതിന് മുന്നോടിയായി സമവായം ഉണ്ടാക്കാനാണ് ശ്രമം. എന്നാൽ ബില്ല് നിയമമാകണമെങ്കിലും ഗവർണറുടെ ഒപ്പ് വേണം. ബില്ലിൽ ഒപ്പുവയ്ക്കാതെയോ പിടിച്ചുവച്ചോ ഗവർണർക്ക് വീണ്ടും സർക്കാരിന് വെല്ലുവിളി ഉയർത്താം.