സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി; ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ഇന്ന് കൊടി ഉയരും
കണ്ണൂരില്‍ 139 ബ്രാഞ്ചുകളില്‍ വനിതകളാണ് സെക്രട്ടറി സ്ഥാനത്തുളളത്
ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുളള ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സി.പി.എം ലോക്കല്‍ സമ്മേളനങ്ങളിലേക്ക് കടക്കുന്നു. കണ്ണൂര്‍ ജില്ലയിലെ മുപ്പത് ലോക്കലുകളില്‍ ഇന്ന് സമ്മേളനങ്ങള്‍ക്ക് കൊടി ഉയരും. നവംബര്‍ ആദ്യ വാരത്തോടെ ഏരിയാ സമ്മേളനങ്ങള്‍ക്കും തുടക്കമാകും.
സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ക്കും ആദ്യം കൊടി ഉയരുന്നത് കണ്ണൂരിലാണ്. ജില്ലയിലെ ആകെയുളള 3838 ബ്രാഞ്ചുകളില്‍ 78 ഇടത്ത് കോവിഡ് സാഹചര്യം കണക്കിലെടുത്ത് സമ്മേളനങ്ങള്‍ മാറ്റി വെച്ചിട്ടുണ്ട്. 240 ബ്രാഞ്ചുകള്‍ കൂടി ഈ സമ്മേളന കാലത്ത് പുതിയതായി രൂപീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ബ്രാഞ്ചുകളുടെ എണ്ണം 4062 ആയി. 139 ബ്രാഞ്ചുകളില്‍ വനിതകളാണ് സെക്രട്ടറി സ്ഥാനത്തുളളത്. മൂന്ന് ദമ്പതിമാരും ഇത്തവണ ജില്ലയില്‍ ബ്രാഞ്ച് സെക്രട്ടറിമാരായുണ്ട്. 225 ലോക്കല്‍ കമ്മറ്റികളാണ് ജില്ലയിലുളളത്. ഇതില്‍ മുപ്പതിടത്താണ് ഇന്ന് സമ്മേളനം നടക്കുക
എടയന്നൂര്‍, പാട്യം, കൂത്തുപറമ്പ്, സൌത്ത് മാടായി, മാണിയൂര്‍ എന്നീ അഞ്ച് ലോക്കല്‍ കമ്മറ്റികള്‍ ഈ സമ്മേളനത്തോടനുബന്ധിച്ച് വിഭജിക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ ആദ്യ വാരത്തോടെ ഏരിയാ സമ്മേളനങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ 10 മുതല്‍ 12 വരെ എരിപുരത്താണ് സിപിഎം ജില്ലാ സമ്മേളനം നടക്കുക.