പ്രമുഖനെ കേസിൽ കുടുക്കി ഒതുക്കാന്‍ ശ്രമിച്ചു, എ.സി മൊയ്തീന്‍ 10 ലക്ഷം വാങ്ങി; ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍
അൻവറിന്‍റെ ഡിഎംകെക്കെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് ആരോപണം
മലപ്പുറം: സിപിഎം നേതാവ് എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി പി.വി അൻവർ. ചേലക്കരയിലെ ഒരു പ്രമുഖ വ്യക്തിയെ കേസിൽ കുടുക്കി ഒത്തുതീർപ്പാക്കാൻ മൊയ്തീൻ 10 ലക്ഷം രൂപ വാങ്ങി എന്നാണ് ആരോപണം. അൻവറിന്‍റെ ഡിഎംകെക്കെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് ആരോപണം.
ഒരു പ്രമുഖ വ്യക്തിയെ കേസിൽ കൊടുക്കാൻ ഒരു സ്ത്രീയോട് എ.സി മൊയ്തീൻ പരാതി നൽകിപിച്ചു എന്നും ഇത് ഉത്തരവാക്കാൻ മൊയ്തീൻ 10 ലക്ഷം രൂപ കൈപ്പറ്റി എന്നും ആണ് ആരോപണം. ഇക്കാര്യത്തിൽ ബിജെപി നേതാക്കൾ ഇടനിലക്കാരായി എന്നും അൻവർ ആരോപിക്കുന്നു. ചേലക്കര മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥി എൻ.കെ സുധീറിന്‍റെ പ്രചാരണത്തിനെതിരെ എൽഡിഎഫ് പരാതി നൽകിയതാണ് പ്രകോപനം. നിർധനരായ ആയിരം കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. ഇതിനായി ബന്ധപ്പെടാൻ ഫോൺ നമ്പർ നൽകുകയും അപേക്ഷാ ഫോറങ്ങൾ നൽകുകയും ചെയ്തു. ഇത് ചട്ട ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഡിഎംകെക്കെതിരെ യുഡിഎഫ് രംഗത്ത് വരാത്തത് യുഡിഎഫിന്‍റെ ബി ടീം ആയതുകൊണ്ടാണെന്നും മൊയ്തീൻ ആരോപിച്ചു. പ്രചാരണ വാഹനങ്ങൾ എൽഡിഎഫ് തടയുന്നുവെന്നും ഡ്രൈവർമാരെ മർദ്ദിക്കുന്നുവെന്നും ഡിഎംകെ ആരോപിച്ചു.നാളെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടി ചേലക്കരയിൽ എത്തുന്നതോടെ പ്രചാരണരംഗം ചൂടുപിടിക്കും എന്നുറപ്പാണ്.