ഗവർണർ പ്രതിപക്ഷ നേതാവല്ല; ബില്ലുകളിൽ ഒപ്പിടില്ലെന്ന നിലപാട് ഭരണഘടനാലംഘനം; എം.വി ഗോവിന്ദൻ

ആർ.എസ്.എസ്- ബി.ജെ.പി ദാസന്മാരായ ഗവർണർമാർ ബില്ലുകളിൽ ഒപ്പിടാതെ ഭരണഘടനാ പ്രതിസന്ധി സ്യഷ്ടിക്കാൻ ശ്രമിക്കുകയാണ്.

Update: 2022-09-22 05:24 GMT
Advertising

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭരണഘടന വിഭാവനം ചെയ്യുന്ന ഗവർണർ പ്രതിപക്ഷ നേതാവല്ലെന്നും സർക്കാരിന്റേയും നിയമസഭയുടേയും ഭാഗമാണെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. അതുകൊണ്ടു തന്നെ ഭരണഘടനാപരമായ അന്തസും മാന്യതയും ഗവർണർ പാലിക്കണമെന്നും ദേശാഭിമാനിയിൽ എഴുതിയ പ്രതിവാര പംക്തിയിൽ അദ്ദേഹം വിമർശിച്ചു.

അയോഗ്യരായവർ അയോഗ്യത ഭരണഘടനയ്ക്ക് സമ്മാനിക്കുമെന്ന ഭരണഘടനാ ശിൽപി അംബേദ്കറുടെ മുന്നറിയിപ്പ് ആരിഫ് മുഹമ്മദ് ഖാന്റെ കാര്യത്തിൽ യാഥാർഥ്യമായിരിക്കുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള അധികാരമൊന്നും ഗവർണർക്കില്ല.

എന്നാൽ ആർ.എസ്.എസ്- ബി.ജെ.പി ദാസന്മാരായ ഗവർണർമാർ ബില്ലുകളിൽ ഒപ്പിടാതെ ഭരണഘടനാ പ്രതിസന്ധി സ്യഷ്ടിക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്‌ ഇത്. ഇത്തരം ഭരണഘടനാവിരുദ്ധ നീക്കങ്ങൾക്കെതിരെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർ ഒന്നിച്ചുനിൽക്കണമെന്നും എം.വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയല്ല, മറിച്ച് മതാധിഷ്ഠിത രാഷ്ട്രം ലക്ഷ്യമാക്കുന്ന ആർഎസ്എസാണ് ഗവർണറുടെ വഴികാട്ടി. കേരളത്തിൽ ലക്ഷ്യം നേടാൻ കഴിയാത്തതിലുള്ള ചൊരുക്കാണ് ഗവർണർ ആവർത്തിച്ച് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായ മാന്യതയുടെയും അന്തസിന്റേയും പ്രതീകമായിരിക്കണം ഗവർണർ.

ഗവർണർ മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് ഭരണം നിർവഹിക്കുന്നതെങ്കിലും മന്ത്രിസഭ ഗവർണർക്ക് എന്ത് ഉപദേശമാണ് നൽകിയതെന്ന് ഒരു കോടതിക്കും അന്വേഷിക്കാൻ അധികാരമില്ല. വസ്തുത ഇതായിരിക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 'വൻ തെളിവുകൾ' എന്നുപറഞ്ഞ് ഔദ്യോഗിക കത്തിടപാടുകൾ പുറത്തുവിട്ട നടപടി നഗ്നമായ ഭരണഘടനാലംഘനമാണ്. സത്യപ്രതിജ്ഞാ ലംഘനമാണെന്നും എം.വി ​ഗോവിന്ദൻ കുറിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News