വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കി; സിപിഎം കൗൺസിലറെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
വൃദ്ധയുടെ പന്ത്രണ്ടര സെൻറ് ഭൂമിയും 17 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും സുജിനും ഭാര്യയും ചേർന്ന് തട്ടിയെടുത്തുമെന്നാണ് കേസ്
Update: 2023-01-26 13:46 GMT
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കിയ സംഭവത്തിൽ നഗരസഭാ കൗൺസിലറെ സസ്‌പെൻറ് ചെയ്ത് സിപിഎം. ആരോപണ വിധേയനായ സിപിഎം കൗൺസിലർ സുജിനെയാണ് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. സിപിഎം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്. നെയ്യാറ്റിൻകര നഗരസഭ കൗൺസിലറാണ് സുജിൻ.
വൃദ്ധയുടെ പന്ത്രണ്ടര സെൻറ് ഭൂമിയും 17 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും സുജിനും ഭാര്യയും ചേർന്ന് തട്ടിയെടുത്തുമെന്നാണ് കേസ്. വൃദ്ധയെ സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടൊപ്പം വീട്ടിൽ താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. ഫെബ്രുവരിയിലാണ് സുജിനും കുടുംബവും വൃദ്ധയെ വിശ്വസിപ്പിച്ച് അവരുടെ വീട്ടിലേക്ക് താമസം മാറിയത്.