കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം
പരിപാടി ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ടെത്തി
പത്തനംതിട്ട: പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശരൺ ചന്ദ്രനെയാണ് പാർട്ടി മാലയിട്ട് സ്വീകരിച്ചത്.
മലയാലപ്പുഴ പൊലീസ് കാപ്പാ നിയമം പ്രകാരം ശരൺ ചന്ദ്രന് താക്കീത് നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ ഇതിനുശേഷവും കുറ്റകൃത്യങ്ങൾ തുടർന്നു. മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായ ശരൺ കഴിഞ്ഞമാസം 23നാണ് ജയിലിൽ നിന്നും ഇറങ്ങിയത്. ഇന്നലെ കുമ്പഴയിൽ വച്ച് 60 പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരണും പങ്കെടുത്തത്.
ഇന്നലെ വൈകുന്നേരം നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ടെത്തിയാണ്. ശരണിനെ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചത് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ്. പത്തനംതിട്ടയിലെ പുതുതലമുറയിലെ ഒരു സംഘം യുവാക്കൾ ഇനിമുതൽ മാനവികതയുടെ പക്ഷമായി സിപിഎമ്മിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന അടിക്കുറിപ്പോടെ ശരണിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങൾ ജില്ലാ സെക്രട്ടറി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.