വിഭാഗീയതക്ക് താക്കീത്; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു
സജി ചെറിയാൻ ഉൾപ്പെടെ ജില്ലാ കമ്മറ്റിയിൽ നിന്ന് നാല് പേരെ ഒഴിവാക്കി.
വിഭാഗീയത തുടർന്നാൽ കർശന നടപടിയെന്ന പിണറായി വിജയന്റെ മുന്നറിയിപ്പോടെ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു. ജി സുധാകരനെതിരായ നീക്കങ്ങളെ മുഖ്യമന്ത്രി തടഞ്ഞതും സമ്മേളനത്തിൽ ശ്രദ്ധേയമായി. ആർ നാസർ ജില്ലാ സെക്രട്ടറിയായി തുടരും.
സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബുദ്ധിമുട്ടുന്ന ജില്ലയാണ് ആലപ്പുഴ. ജില്ലയിലെ സിപിഎമ്മിനുള്ളിൽ വിഭാഗീയത അത്രത്തോളം രൂക്ഷമാണ്. ജില്ലാ സമ്മേളനത്തിൽ വിഭാഗീയതക്കെതിരെ പിണറായി വടിയെടുത്തെങ്കിലും ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് കാത്തിരുന്ന് കാണണം. വിഭാഗീയതക്ക് ഇട നൽകാതെയാണ് പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തതും.
സജി ചെറിയാൻ ഉൾപ്പെടെ ജില്ലാ കമ്മറ്റിയിൽ നിന്ന് നാല് പേരെ ഒഴിവാക്കി. പുതിയ 6 പേരെക്കൂടി ഉൾപ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. പുതിയതായി ഉൾപ്പെടുത്തിയ 6 പേരും സജി ചെറിയാൻ അനുകൂലികളാണ്. ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവുകൾ പിന്നീട് നികത്താനാണ് തീരുമാനം.