പൊന്നാനിയിലെ സി.പി.എം സ്ഥാനാർഥി പട്ടികയില്‍ മൂന്നു പേർ; സീറ്റുറപ്പിക്കാൻ ശ്രമവുമായി കെ.ടി ജലീൽ

മന്ത്രി വി. അബ്ദുറഹ്മാനെ മത്സരിപ്പിക്കാനാണ് സി.പി.എമ്മിന് കൂടുതല്‍ താത്പര്യമെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.

Update: 2024-02-07 15:45 GMT
Advertising

പൊന്നാനിയിലെ സി.പി.എം സ്ഥാനാർഥിയെ ചൊല്ലി അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും പാർട്ടി പട്ടികയിലുള്ളത് മൂന്നു പേർ. കെ.ടി ജലീല്‍, മന്ത്രി വി. അബ്ദുറഹ്മാന്‍, കെ.എസ് ഹംസ എന്നിവരാണ് പട്ടികയിലുള്ളത്. സമസ്തയുടെ ഇരു വിഭാഗങ്ങൾക്കും ഒരേ പോലെ സ്വീകാര്യനായ ഒരു സ്ഥാനാർഥിക്ക് വേണ്ടി സി.പി.എം ഏറെ പരിശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. കെ.ടി ജലീലും കെ.എസ് ഹംസയും ഇരു സംഘടനകളുടെയും പിന്തുണക്കായി ശ്രമിച്ചെങ്കിലും ഒരാളെയും നിർദേശിക്കേണ്ടതില്ലെന്ന നിലപാട് ഇരു സംഘടനകളും സ്വീകരിക്കുകയായിരുന്നു. മന്ത്രി വി. അബ്ദുറഹ്മാനെ മത്സരിപ്പിക്കാനാണ് സി.പി.എമ്മിന് കൂടുതല്‍ താത്പര്യമെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.

കോഴിക്കോട്, പാലക്കാട് സീറ്റുകളിലൊന്നില്‍ മത്സരിക്കാനുള്ള താത്പര്യം കെ.ടി ജലീല്‍ പാർട്ടിയെ അറിയിച്ചെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. അബ്ദുറഹ്മാന്‍ താത്പര്യം കാണിക്കാത്തതിനാല്‍ കെ.ടി ജലീലിൽ പൊന്നാനിയില്‍ പരിഗണിക്കപ്പെടാനാണ് സാധ്യത. കെ.ടി ജലീലിന്റെ കാര്യത്തില്‍ കാന്തപുരം വിഭാഗം താത്പര്യം കാണിക്കാത്തതാണ് സി.പി.എം പ്രതിസന്ധിയായി കാണുന്നത്. മുസ്‌ലിം ലീഗിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.എസ് ഹംസ മികച്ച സംഘാടകനാണ് എന്നാണ് സി.പി.എമ്മിൻ്റ വിലയിരുത്തൽ. എന്നാൽ അദ്ദേഹത്തിന്‍റെ മുസ്‌ലിം ലീഗ് വിലാസം ഗുണം ചെയ്യില്ലെന്നും പാർട്ടി കരുതുന്നു.

കെ.ടി ജലീലിന് മുന്നിലെ വെല്ലുവിളി

മുസ്‌ലിം ലീഗിലെ സംഘടനാ പ്രശ്നങ്ങളും ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേക്ക് മാറാനുള്ള സാധ്യതയും സമസ്ത- ലീഗ് പ്രശ്നങ്ങളുമെല്ലാം പൊന്നാനിയില്‍ സി.പി.എമ്മിന് അനുകൂല ഘടകമാണ്. എന്നാല്‍ ഇത് വോട്ടാക്കി മാറ്റാവുന്ന സ്ഥാനാർഥിയല്ല കെ.ടി ജലീല്‍ എന്നതാണ് സി.പി.എം നേരിടുന്ന വെല്ലുവിളി. മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താനായില്ലെങ്കില്‍ ജലീല്‍ തന്നെ മത്സരിക്കാനാണ് സാധ്യത.

മന്ത്രിയായിരിക്കെ കെ.ടി ജലീല്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ മൂലം കാന്തപുരം വിഭാഗത്തിന് അദ്ദേഹം അനഭിമതനാണ്. ഇസ്ലാമിക വിശ്വാസപ്രമാണങ്ങളെ വിവാദത്തിലാക്കി ജലീല്‍ നടത്തിയ പ്രസ്താവനകളാണ് പ്രധാന കാരണം. കാന്തപുരം വിഭാഗത്തിന്‍റെ സംഘടനകളോ പ്രധാനപ്പെട്ട സ്ഥാപനങ്ങളോ ഒന്നും തന്നെ ഏതാനും വർഷങ്ങളായി കെ.ടി ജലീലിനെ പരിപാടികള്‍ക്ക് ക്ഷണിക്കാറില്ല. കാന്തപുരം ഗ്രൂപ്പിന് ജലീല്‍ അനഭിമതനായ വിവരം സി.പി.എം അറിയുന്നത് പോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ്.

താരതമ്യേന ദുർബലനായ കോണ്‍ഗ്രസ് സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിലിനോട് കെ.ടി ജലീല്‍ വിജയിച്ചത് 3066 വോട്ടുകള്‍ക്കാണ്. കാന്തപുരം വിഭാഗം വോട്ടുകള്‍ ചോർന്നതാണ് പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടാത്തത്തിൻ്റെ കാരണമായി സി.പി.എം വിലയിരുത്തിയത്. കാന്തപുരം ഗ്രൂപ്പിന് മുസ്‌ലിം ലീഗുമായി ഇപ്പോള്‍ നല്ല ബന്ധമായതിനാല്‍ പരമ്പരാഗതാമയി ഇടതുപക്ഷത്തിന് ലഭിക്കാവുന്ന വോട്ടുകള്‍ പോലും ഒരുപക്ഷേ നഷ്ടപ്പെട്ടേക്കാം.

സമസ്ത - ലീഗ് പ്രശ്നം, ലീഗിലെ അതൃപ്തി എന്നിവയെല്ലാം വോട്ടായി മാറാതെ പൊന്നാനിയില്‍ സി.പി.എമ്മിന് വിജയിക്കാനുമാവില്ല. സി.പി.എമ്മിന് വിജയസാധ്യതയില്ലാത്ത പൊന്നാനിയിലെ സ്ഥാനാർഥിയുടെ കാര്യം തങ്ങളുടെ വിഷയമല്ലെന്നാണ് കാന്തപുരം വിഭാഗത്തിലെ മുതിർന്ന നേതാവ് മീഡിയവണിനോട് പറഞ്ഞത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Byline - രാഷ്ട്രീയകാര്യ ലേഖകന്‍

contributor

Similar News