സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം; സർക്കാർ- ഗവർണർ തർക്കം ചർച്ചയാകും
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ കേന്ദ്രകമ്മറ്റി യോഗമാണിത്
ഡൽഹി: മൂന്ന് ദിവസത്തെ സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും.മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ ഗവർണർ-സർക്കാർ തർക്കം വിശദമായി ചർച്ച ചെയ്തേക്കും.ഗവർണറുടെ അസാധാരണ നീക്കങ്ങളിൽ പിബി നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടലും തേടി.
ഗവർണർക്കെതിരെ ഒന്നിക്കണമെന്ന് കഴിഞ്ഞ ദിവസം സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടിയിരിക്കുകയാണ് സർക്കാർ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള കേന്ദ്രനേതൃത്വത്തിന്റെ നിലപാട് യോഗത്തിൽ വ്യക്തമായേക്കും. കൂടാതെ, രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യവും ഗുജറാത്ത്,ഹിമാചൽ പ്രദേശ്, തെരഞ്ഞടുപ്പുകളും ചർച്ചക്ക് വരും. തൊഴിലാളി സംഘടന റിപ്പോർട്ടും ചർച്ച ചെയ്യും.
തിങ്കളാഴ്ച വരെ നീളുന്ന യോഗത്തിൽ മുഖ്യമന്ത്രിക്ക് പുറമേ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ കേന്ദ്രകമ്മറ്റി യോഗമാണിത്. ഔദ്യോഗിക പരിപാടികൾക്കായി ഗവർണർ ഡൽഹിയിലുണ്ടെന്നതും ശ്രദ്ധേയമാണ്.