അന്‍വറിനോട്‌ യോജിക്കാനാകില്ല; പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം -സിപിഎം

പി.വി അന്‍വര്‍ എംഎല്‍യെ പരസ്യമായി തള്ളി സിപിഎം

Update: 2024-09-22 08:07 GMT
Advertising

തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എ വാർത്താസമ്മേളനങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങളെ തള്ളി സിപിഎം രംഗത്ത്. അൻവറിന്റെ നിലപാട് പാർട്ടിക്ക് യോജിക്കാൻ കഴിയുന്നതല്ല. ഇത്തരം നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. പാർട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും അൻവർ പിന്തിരിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‍താവനയിൽ ആവശ്യപ്പെട്ടു. 

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. 

നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നതെന്നും അദ്ദേഹം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് പ്രസ്താവന ആരംഭിക്കുന്നത്.

പ്രസ്താവനയുടെ പൂർണരൂപം

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്‌. അദ്ദേഹം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്‌.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്‌. പി.വി അന്‍വര്‍ എംഎല്‍എയുടെ ഈ നിലപാടിനോട്‌ പാര്‍ട്ടിക്ക്‌ യോജിക്കാന്‍ കഴിയുന്നതല്ല.

പി.വി അന്‍വര്‍ എംഎല്‍എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു.


Full View

 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News