വധഭീഷണിയെന്ന രമ്യ ഹരിദാസിന്‍റെ ആരോപണം തള്ളി സിപിഎം
എംപിക്ക് ഒപ്പമുണ്ടായിരുന്നവർ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും നാസർ ആരോപിച്ചു.
വധഭീഷണിയെന്ന രമ്യ ഹരിദാസിന്‍റെ ആരോപണം തള്ളി സിപിഎം. ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും രമ്യാഹരിദാസ് തെറ്റിദ്ധരിച്ച് തട്ടിക്കയുറകയായിരുന്നുവെന്നും പ്രാദേശിക സിപിഎം നേതാവ്എം.എ. നാസർ പ്രതികരിച്ചു. എംപിക്ക് ഒപ്പമുണ്ടായിരുന്നവർ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും നാസർ ആരോപിച്ചു.
ഇന്ന് വൈകുന്നേരമാണ് തനിക്കെതിരേ തനിക്ക് നേരെ വധഭീഷണി മുഴക്കിയെന്ന് കാണിച്ച് രമ്യ ഹരിദാസ് എംപി പൊലീസില്‍ പരാതി നല്‍കിയത്. ആലത്തൂർ ടൗണിൽ ഒരു പരിപാടി കഴിഞ്ഞ് ഓഫീസിലേക്ക് രമ്യ ഹരിദാസ് മടങ്ങും വഴിയാണ് സംഭവം. സിപിഎം പ്രാദേശിക നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായ നാസർ ആലത്തൂരിന്‍റെ നേതൃത്വത്തിലാണ് എംപിയെ തടഞ്ഞത്.
രമ്യ ഹരിദാസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്- ഹരിത കർമസേന വളണ്ടിയറുമായി സംസാരിച്ചതിനു ശേഷം മടങ്ങി വരുന്നതിനിടെ വാഹനത്തിൽ കയറും മുമ്പ സിപിഎം പ്രവർത്തകർ അപമര്യാദയായി സംസാരിച്ചെന്നും, ഇനി ഇങ്ങോട്ട് കാലുകുത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി-സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചുവെന്നും പരാതിയിലുണ്ട്. തർക്കത്തിന്റെ കുറച്ച് ഭാഗങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രമ്യ ഹരിദാസ് എംപി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയാണ് എംപി ഓഫീസിലേക്ക് മടങ്ങിയത്.