കേരളത്തിന് പുറത്ത് സിപിഎം ജയം ജമാഅത്തെ ഇസ്‍ലാമി പിന്തുണയിൽ; സിപിഎമ്മിന് മറുപടിയായി ചിത്രങ്ങൾ പുറത്തുവിട്ട് ജമാഅത്ത്
‘നാലിൽ മൂന്ന് എംപിമാരും ജമാഅത്ത് പിന്തുണ തേടി, വിജയാഹ്ലാദം പങ്കിടാൻ നേതാക്കൾ ജമാഅത്ത് ഓഫീസിൽ എത്തി'
കോഴിക്കോട്: വയനാട്ടിലെ യുഡിഎഫ് ജയം മുസ്‍ലിം വർഗീയ ചേരിയുടെ പിന്തുണയോടെയെന്ന സിപിഎമ്മിന്റ വർഗീയ പരാമർശത്തിന് പിന്നാലെ കേരളത്തിന് പുറത്തെ സിപിഎം - ജമാഅത്ത് കൂട്ടുകെട്ടിന്‍റെ ചിത്രങ്ങൾ പുറത്ത്. സിപിഎമ്മിന്‍റെ ആകെയുള്ള നാല് എംപിമാരിൽ മൂന്നുപേരും വിജയിച്ചത് ജമാഅത്തെ ഇസ്‍ലാമി പിന്തുണയോടെയാണെന്ന് വെളിപ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്.
2024 ൽ സിപിഎമ്മിന് ലോക്‌സഭയിൽ ആകെ നാല് അംഗങ്ങളാണുള്ളത്. ഇതിൽ തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടുപേരും രാജസ്ഥാനിലെ ഒരാളും ജമാഅത്തിൻ്റെ പിന്തുണയിൽ ജയിച്ചവരാണ്. രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ നിന്ന് വിജയിച്ച സിപിഎം എം.പി അംറ റാം ജമാഅത്തെ ഇസ്ലാമി രാജസ്ഥാൻ അമീർ മുഹമ്മദ് നാസിമുദ്ദീനൊപ്പം ഇരിക്കുന്നതാണ് ഒരു ചിത്രം. തെരഞ്ഞെടുപ്പിന് ശേഷം വിജയാഹ്‍ലാദം പങ്കിടാൻ സിപിഎം നേതാക്കാൾ ജമാഅത്തിന്റെ ഓഫീസിലെത്തിയ ചിത്രവും പോസ്റ്റിലുണ്ട്.
രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ജമാഅത്തെ ഇസ്‍ലാമി പിന്തുണയുണ്ടായി എന്നതാണ് സിപിഎം മഹാപരാധമായി കാണുന്നത്. അതുവെച്ച് ഹിന്ദു വർഗീയത പരമാവധി വർഗീയത ഇളക്കിവിടാനാണ് അവർ ശ്രമിച്ചു നോക്കുന്നത്. എം.വി ഗോവിന്ദന്റെയും എ വിജയരാഘവന്റെയും വർഗീയതാ സിദ്ധാന്തം സഹ്യപർവതത്തിനിപ്പുറം മാത്രമുള്ള ഒരു വൈരുധ്യാത്മക സിദ്ധാന്തമാണെന്നും ശിഹാബ് പൂക്കോട്ടൂർ പരിഹസിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ജമാഅത്തെ ഇസ്‍ലാമി പിന്തുണയുണ്ടായി എന്നതാണ് സി.പി.എം മഹാപരധമായി കാണുന്നത്. അതുവെച്ച് ഹിന്ദു വർഗീയത പരമാവധി വർഗീയത ഇളക്കിവിടാനാണ് അവർ ശ്രമിച്ചു നോക്കുന്നത്. അത് അതിൻ്റെ വഴിക്ക് നടക്കട്ടെ.
അതിനിടെ, ചെറിയൊരു കൗതുകം പങ്കുവെക്കാമെന്ന് തോന്നുന്നു. CPMന് ലോക്‌സഭയിൽ ആകെ നാല് അംഗങ്ങളാണുള്ളത്. അതിൽ മൂന്ന് അംഗങ്ങളും ജമാഅത്തിൻ്റെ കൂടി പിന്തുണയിൽ ജയിച്ചവരാണ്. രണ്ടു പേർ തമിൾനാട്ടിൽ നിന്ന്; ഒരാൾ രാജസ്ഥാനിൽ നിന്ന്. 2019ലെ തെരഞ്ഞെടുപ്പിലും തമിഴ്നാട്ടിൽ നിന്ന് വിജയിച്ച CPM സ്ഥാനാർഥികൾക്ക് ജമാഅത്ത് പിന്തുണയുണ്ടായിരുന്നു.
രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ നിന്ന് വിജയിച്ച CPM എം.പി അംറ റാം ആണ് ഒന്നാമത്തെയും രണ്ടാമത്തെയും ചിത്രത്തിൽ. ഒന്നാമത്തെ ചിത്രത്തിൽ അദ്ദേഹത്തിൻ്റെ വലതുവശം ഇരിക്കുന്നത് ജമാഅത്തെ ഇസ്ലാമി രാജസ്ഥാൻ അമീർ മുഹമ്മദ് നാസിമുദ്ദീൻ. രണ്ടാമത്തെ ചിത്രത്തിൽ അംറാ റാമിന്റെ കുടെയുള്ളത് ജമാഅത്തെ ഇസ്ലാമി രാജസ്ഥാൻ ശൂറ മെമ്പർ ഖുർശിദ് ഹുസൈനും സികാർ ജില്ലാ പ്രസിഡന്റ് ആരിഫ് ജാട്ടുവും.
മൂന്നാമത്തെ ചിത്രത്തിലുള്ളത് 2019 ൽ കോയമ്പത്തൂരിൽ നിന്ന് വിജയിച്ച സി.പി.എം സ്ഥാനാർഥി പി. ആർ നടരാജനാണ്. കോയമ്പത്തൂരിലെ ജമാഅത്ത് ഓഫീസിൽ ജമാഅത് നേതാക്കളോടൊപ്പം സഖാവ് ഇരിക്കുന്നതാണ് ചിത്രം. എം.വി ഗോവിന്ദന്റെയും എ. വിജയരാഘവന്റെയും വർഗീയതാ സിദ്ധാന്തം സഹ്യപർവതത്തിനിപ്പുറം മാത്രമുള്ള ഒരു വൈരുധ്യാത്മക സിദ്ധാന്തമാണ്.