'മൗനം വിദ്വാന് ഭൂഷണം'; എം വി ജയരാജനും മിണ്ടിയില്ല, മനു തോമസ് വിഷയത്തിൽ മൗനം പാലിച്ച് സിപിഎം
മനുവിന്റെ ആരോപണങ്ങളിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പ്രതികരിക്കുമെന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഒഴിഞ്ഞുമാറി.
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ മനു തോമസിന്റെ ആരോപണങ്ങളിൽ പ്രതികരിക്കാതെ സിപിഎം നേതാക്കൾ. മൗനം വിദ്വാന് ഭൂഷണമെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പി ജയരാജന്റെ പ്രതികരണം.
കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. മനുവിന്റെ ആരോപണങ്ങളിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പ്രതികരിക്കുമെന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഒഴിഞ്ഞുമാറി.
കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ നിലപാടിനെ മറികടന്ന് പി ജയരാജൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വിഷയം വഷളാക്കിയെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ആരോപണം. സംഭവമുണ്ടാക്കിയ പ്രതിസന്ധിയിൽ ഉലയുകയാണ് പാർട്ടി. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം, പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു. ഇങ്ങനെ പോകുന്നു ആരോപണങ്ങൾ.
എന്നാൽ ജയരാജനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ പാർട്ടി നേതൃത്വം ഇതുവരെ രംഗത്ത് എത്തിയില്ല. കണ്ണൂർ ജില്ലാ സെക്രട്ടറിയോട് ചോദിക്കാൻ ചോദിക്കാൻ പറഞ്ഞൊഴിയുകയായിരുന്നു എംവി ഗോവിന്ദൻ. ജില്ല സെക്രട്ടേറിയറ്റ് യോഗം അവസാനിച്ചപ്പോഴും ഒന്നും പറയാൻ നേതാക്കൾ തയ്യാറായില്ല.