സി.പി.എം സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; കാത്തിരിക്കുന്നത് വിമർശനങ്ങളുടെ കുത്തൊഴുക്ക്

വിമർശനവും സ്വയം വിമർശനവുമാണ് സി.പി.എമ്മിന്റെ സംഘടനാ രീതി

Update: 2024-09-01 05:13 GMT
Advertising

തിരുവനന്തപുരം: സംഘടനയുടെയും സർക്കാരിന്‍റെയും വീഴ്ചകൾ ഇഴകീറി പരിശോധിക്കുന്ന സി.പി.എം സമ്മേളനങ്ങൾക്ക് ഞായറാഴ്ച തുടക്കം. 35,000ത്തോളം വരുന്ന ബ്രാഞ്ച് സമ്മേളനങ്ങളാണ് ആദ്യം നടക്കുന്നത്. പിന്നാലെ രണ്ടായിരത്തിലധികം ലോക്കൽ സമ്മേളനങ്ങൾ. സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ ഇത് രണ്ടും പൂർത്തിയാക്കും. നവംബറിൽ ഏരിയാ സമ്മേളനങ്ങൾ. ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങൾ. ഫെബ്രുവരിയിൽ കൊല്ലത്ത് സംസ്ഥാന സമ്മേളനവും ഏപ്രിലിൽ മധുരയിൽ പാർട്ടി കോൺഗ്രസും നടക്കും.

വിമർശനവും സ്വയം വിമർശനവുമാണ് സി.പി.എമ്മിന്റെ സംഘടനാ രീതി. വിമർശനങ്ങളുടെ കുത്തൊഴുക്ക് ഈ സമ്മേളന കാലയളവിൽ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. പാർട്ടിയേയും സർക്കാരിനേയും വിമർശിക്കാൻ അംഗങ്ങൾക്ക് മുന്നിൽ കാരണങ്ങൾ നിരവധിയുണ്ട്.

കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനം മുതൽ ഇതുവരെയുള്ള വിഷയങ്ങൾ ബ്രാഞ്ച് മുതൽ പാർട്ടി കോൺഗ്രസ് വരെ ചർച്ചയാകും. സംസ്ഥാന സർക്കാരിൻറെ പ്രവർത്തനത്തിലെ വീഴ്ചകൾ, മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നുവന്ന മാസപ്പടി വിവാദം, മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലി, മന്ത്രിമാരുടെ പ്രവർത്തനങ്ങൾ, ഇ.പി. ജയരാജനെതിരായ നടപടി, ക്ഷേമ പ്രവർത്തനങ്ങള്‍ മുടങ്ങിയത്, ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി, കാഫിർ പോസ്റ്റർ വിവാദം തുടങ്ങിയ വിഷയങ്ങളെല്ലാം സി.പി.എം സമ്മേളനങ്ങളിൽ കത്തിപ്പടരും.

ബ്രാഞ്ചിലെയും ലോക്കലിലെയും വിമർശനങ്ങൾക്ക് പ്രാദേശിക നേതാക്കൾ മറുപടി പറയുമ്പോൾ ഏരിയാ സമ്മേളനങ്ങളിലും ജില്ലാ സമ്മേളനങ്ങളിലും പ്രധാനപ്പെട്ട നേതാക്കൾ മറുപടി പറയാനെത്തും. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് മാറ്റം വരുത്തുമോ എന്ന് സമ്മേളനങ്ങള്‍ അവസാനിക്കുമ്പോള്‍ അറിയാം. മറ്റു നീക്കങ്ങൾ ഒന്നും നടന്നില്ലെങ്കിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടർന്നേക്കും. ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറി വരാനാണ് സാധ്യത.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News