'വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യം; പരാമര്‍ശത്തിനൊപ്പം പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു'; വർഗീയ പരാമർശത്തെ പിന്തുണച്ച് സിപിഎം

കോൺഗ്രസ് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയെന്ന് എം.വി ഗോവിന്ദൻ

Update: 2024-12-23 06:03 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: എ. വിജയരാഘവന്റെ വർഗീയ പരാമർശത്തെ പിന്തുണച്ച് സിപിഎം. വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണെന്നും പരാമര്‍ശത്തിനൊപ്പം പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് ജമാഅത്തെ ഇസ്‍ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ്. ജമാഅത്തിനെതിരായ വിമർശനം മുസ്‌ലിംകൾക്കെതിരായ വിമർശനമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മുസ്‌ലിംകൾക്കെതിരല്ല. ആർഎസ്എസ് വിമർശനം ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ശക്തിയായി വരുന്നു. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മുസ്‌ലിം സമുദായത്തിൽ സമുദായത്തിൽ ഭൂരിപക്ഷവും മതേതരവാദികളാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

മുസ്‌ലിം വർഗീയവാദത്തിന്റെ പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്‍ലാമിയും ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായി എസ്ഡിപിഐയും നിൽക്കുന്നു. ജമാഅത്തിന്റെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും ഇവർ സഖ്യക്ഷികളായാണു പ്രവർത്തിച്ചത്. ഇതു ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു.

വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും വോട്ടോടുകൂടി തന്നെയാണ് കോൺഗ്രസ് ജയിച്ചത്. എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വക്താക്കളാക്കി മുസ്‌ലിം ലീഗിനെ മാറ്റാനാണ് അവർ ശ്രമിക്കുന്നത്. ലീഗ് വർഗീയകക്ഷി എന്ന് പറയുന്നില്ല. അതാകാതിരിക്കണം എന്നാണ് പറയുന്നത്.

ലീഗ് കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ല. ലീഗിനകത്തും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയുമായുള്ള ബന്ധത്തിന്റെ പ്രശ്‌നം ഉയർന്നുവരും. സിപിഎമ്മിന് ന്യൂനപക്ഷ സ്‌നേഹം അന്നും ഇന്നും ഉണ്ടെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Summary: CPM Kerala state secretary MV Govindan supports A Vijayaraghavan's communal remarks

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News