സി.പി.എം ഓഫീസ് ആക്രമണം: എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് ബൈക്കുകളും ഫോണും കണ്ടെടുത്തു
ആക്രമണത്തിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ടു ബൈക്കുകളും ഫോണും പൊലീസ് കണ്ടെടുത്തു. എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നാണ് ബൈക്കുകള്‍ കണ്ടെടുത്തത്. ആക്രമണത്തിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. വഞ്ചിയൂരിൽ സംഘർഷമുണ്ടാക്കിയ സംഘമാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാൻ കാരണമായത്.
എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വഞ്ചിയൂരിൽ സംഘർഷം ഉണ്ടായതിനു ശേഷം പ്രതികൾ ഉൾപ്പെട്ട സംഘം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്ന് രാത്രി ഒന്നേകാലോടെയാണ് പ്രതികൾ പുറത്ത് പോയി ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി.