തെറ്റ് പറ്റിയെന്ന് പാര്‍ട്ടി; കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സി.പി.എം
സംസ്ഥാനത്ത് പാര്‍ട്ടി നിയന്ത്രണത്തിലുള്ളതും പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുള്ളതുമായ എല്ലാ സഹകരണ സ്ഥാപനങ്ങളിലും പാര്‍ട്ടിതല പരിശോധനയ്ക്കും തീരുമാനം
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ തൃശൂര്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. കോടികളുടെ ക്രമക്കേട് നടന്നപ്പോൾ അതിന്‍റെ ഗൗരവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ജില്ലാഘടകത്തിനു കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ പരിശോധനയ്ക്കും സി.പി.എം നടപടി തുടങ്ങിയിട്ടുണ്ട്.
സി.പി.എമ്മിന്‍റെ ജനകീയ അടിത്തറയ്ക്കും, വരുമാന സ്ത്രോതസിനും പ്രധാന കാരണങ്ങളിലൊന്ന് സഹകരണ പ്രസ്ഥാനങ്ങളാണ്. കേന്ദ്ര സർക്കാർ സഹകരണ മേഖലയെ ലക്ഷ്യം വച്ചപ്പോൾ എല്ലാ ആയുധങ്ങളും എടുത്ത് സി പി എം പ്രതിരോധിക്കാൻ ഇറങ്ങിയതും അതുകൊണ്ട് തന്നെ. സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് സി.പി.എമ്മിന് വലിയ ആഘാതവുമാണ്. കരുവന്നുര്‍ സഹകരണ ബാങ്ക് ക്രമക്കേട് ഗുരുതരമായ വിഷയമായി സി.പി.എം നേതൃത്വം കാണുന്നതിന്‍റെ പ്രധാന കാരണവും ഇതാണ്. കരുവന്നൂരിലെ തട്ടിപ്പിന്‍റെ ആഴവും ഗൗരവവും സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്.
കരുവന്നൂരില്‍ ക്രമക്കേട് സംബന്ധിച്ച പരാതി ആദ്യം ലഭിച്ചത് തൃശൂരില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനാണ്. ജില്ലയില്‍ അന്വേഷണം തീരുമാനിച്ച് അത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. സംസ്ഥാന സമിതി അംഗം പി.കെ.ബിജുവിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ജില്ലയില്‍ നിന്നു തന്നെയുള്ള എ.സി.മൊയ്തീന്‍ ഇക്കാലയളവില്‍ സഹകരണ മന്ത്രിയുമായിരുന്നു. അതിനാല്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം അദ്ദേഹത്തിനും ഉണ്ടായിരുന്നു. എന്നിട്ടും വേണ്ടത്ര പ്രധാന്യത്തോടെ ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ജാഗ്രത കാട്ടുകയും ചെയ്തില്ലന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തൽ. യഥാസമയത്ത് നടപടി സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായി. ക്രമക്കേട് നടത്തിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ കര്‍ശന നടപടിക്കാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നൽകിയിരിക്കുന്ന നിര്‍ദേശം. ഇപ്പോള്‍ ആരോപണം നേരിടുന്നവര്‍ക്കു പുറമേ തൃശൂരിലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടി വരാൻ സാധ്യതയുണ്ട്. തൃശൂരിലെ സംഭവം മറ്റ് സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കാതിരിക്കാനുള്ള തീരുമാനങ്ങളും സി പി എം എടുക്കുന്നുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടി നിയന്ത്രണത്തിലുള്ളതും പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുള്ളതുമായ എല്ലാ സഹകരണ സ്ഥാപനങ്ങളിലും പാര്‍ട്ടിതല പരിശോധനയ്ക്കും തീരുമാനമുണ്ട്.ഇതിന് പുറമേ സഹകരണ വിജിലന്‍സ് ശക്തിപ്പെടുത്താനും നീക്കമുണ്ട്.