സിപിഎം പാർട്ടി കോൺഗ്രസ് പ്രചരണ സാമഗ്രികൾക്ക് സുരക്ഷ നൽകണം; വിചിത്ര സർക്കുലറുമായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി
- കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലാ പൊലീസ് മേധാവിമാർക്കാണ് സർക്കുലർ അയച്ചത്
കണ്ണൂർ: വിചിത്ര സർക്കുലറുമായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി. സിപിഎം പാർട്ടി കോൺഗ്രസ് പ്രചരണ സാമഗ്രികൾക്ക് സുരക്ഷ നൽകണമെന്ന് നിർദേശിച്ച് ഡി.ഐ.ജി യുടെ സർക്കുലർ. കണ്ണൂർ റേഞ്ച് ഡി ഐ ജി രാഹുൽ ആർ. നായരാണ് സർക്കുലർ ഇറക്കിയത്.
രാത്രി പ്രത്യേക പട്രോളിങ് നടത്തണം. പാതയോരത്തെ സ്തൂപങ്ങളും കൊടിതോരണങ്ങളും സംരക്ഷിക്കണം. 2 മണിക്കൂർ ഇടവേളയിൽ പട്രോളിങ് വിവരങ്ങൾ കൺട്രോൾ റൂമിൽ അറിയിക്കണം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലാ പൊലീസ് മേധാവിമാർക്കാണ് സർക്കുലർ അയച്ചത്.
ഏപ്രിൽ 6 മുതൽ 10 വരെ നടക്കുന്ന സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. കണ്ണൂർ നായനാർ അക്കാദമിയിൽ ഒരുക്കിയ പ്രത്യേക വേദിയിലാകും പ്രതിനിധി സമ്മേളനം. കണ്ണൂര്‍ ഇതാദ്യമായാണ് പാർട്ടി കോൺഗ്രസിന് വേദിയാവുന്നത്. പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകൾ ഭൂരിഭാഗവും പൂർത്തിയായി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 840 പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമടക്കം ആയിരത്തോളം പേരാണ് പാർട്ടി കോൺഗ്രസ്സിൽ പ്രതിനിധികളായി പങ്കെടുക്കുക.
പ്രതിനിധി സമ്മേളനത്തിനായി നായനാർ അക്കാദമിയിൽ നിർമ്മിക്കുന്ന പന്തലിന്റെ ജോലികൾ അവസാന ഘട്ടത്തിലാണ്. സെമിനാറുകളും അനുബന്ധ പരിപാടികളും നടക്കുന്ന ടൗൺ സക്വയറിലും വേദി നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ജവഹർ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി 2000 റെഡ് വോളന്റിയർമാർ അണി നിരക്കുന്ന പരേഡും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം പേർ സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര നേതാക്കളടക്കമുള്ള പ്രതിനിധികൾ നാളെ മുതൽ ജില്ലയിലെത്തി തുടങ്ങും.