സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്: എം.വി ഗോവിന്ദന്റെ രാജിക്കാര്യത്തിൽ തീരുമാനമുണ്ടാകും
എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന റിപ്പോർട്ട് നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജി വെക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന റിപ്പോർട്ട് നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്. പുതിയ മന്ത്രി ആരാകുമെന്ന ചർച്ചകൾ ഇന്നുണ്ടാകില്ലെന്നാണ് സൂചന. പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജി വെക്കണമെന്ന് നേതൃതലത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു.നിയമസഭ സമ്മേളനം നടക്കുന്നത് കൊണ്ട് അത് കഴിഞ്ഞ് മതി എന്നായിരുന്നു തീരുമാനം. സമ്മേളനം കഴിഞ്ഞതോടെ രാജിക്കുള്ള വഴി ഒരുങ്ങിയിട്ടുണ്ട്.
എംഎൽഎ സ്ഥാനം രാജി വെക്കുന്ന അഭ്യൂഹം ഉണ്ടെങ്കിലും നേതൃത്വം അത് പൂർണമായും തള്ളിക്കളഞ്ഞു. പകരം മന്ത്രിയുടെ കാര്യത്തിലും ഇന്ന് ചർച്ച ഉണ്ടയേക്കില്ല. ഓണത്തിന് ശേഷം മാത്രമേ പുതിയ മന്ത്രി ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നാണ് വിവരം. സജി ചെറിയാൻ്റെ ഒഴിവ് നികത്തിയേക്കില്ല. മന്ത്രിമാരുടെ വകുപ്പികളിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കും. എ എൻ ഷംസീർ, പി നന്ദകുമാർ എന്നിവരുടെ പേരുകൾ മന്ത്രിസ്ഥാനത്ത് കേൾക്കുന്നുണ്ട്. എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് വന്ന് പുതിയ ഒരാളെ സ്പീക്കർ ആക്കുമെന്നും അഭ്യൂഹം ഉണ്ട്.