ചെറിയാന്‍ ഫിലിപ്പ് പോയാല്‍ പി ജയരാജന്‍ വരും; ഖാദി ബോർഡ് വൈസ് ചെയർമാനെ തീരുമാനിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
പി.ശ്രീരാമകൃഷ്ണനെ നോർക്ക ഉപാധ്യക്ഷനായി നിയമിക്കും. കെ.എസ്.എഫ്.ഇയിലേക്ക് കെ.വരദരാജനെ പരിഗണിക്കും
സംസ്ഥാന സമിതി അംഗവും സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് ശോഭനാ ജോർജ് ആയിരുന്നു ഖാദി ബോർഡിന്‍റെ വൈസ് ചെയർപേഴ്സൺ. ഇത്തവണ സിപിഎം സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിനെ ഈ പദവിയിലേക്ക് തീരുമാനിക്കുകയും സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്രധാന പദവിയിൽ, തന്നെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ചെറിയാൻ പദവി ഏറ്റെടുത്തില്ല. പിന്നാലെ കോൺഗ്രസിലേക്ക് തിരിച്ചുപോവുകയും ചെയ്തു. ചെറിയാൻ ഫിലിപ്പ് ഉപേക്ഷിച്ച പദവിയിലേക്കാണ് പി.ജയരാജനെ തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതോടെ ജയരാജൻ പ്രവർത്തന കേന്ദ്രം കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റേണ്ടിയും വരും.
മറ്റൊരു സംസ്ഥാന സമിതി അംഗമായ പി.ശ്രീരാമകൃഷ്ണനെ നോർക്കയുടെ ഉപാധ്യക്ഷനായാണ് നിയമിക്കുന്നത്. കെ.എസ്.എഫ്.ഇയിലേക്ക് കെ.വരദരാജനെയാണ് പരിഗണിക്കുന്നത്. വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് മുൻ എം.എൽ.എ കെ.കെ.ലതികയെ പരിഗണിക്കുന്നതായാണ് സൂചന. കോൺഗ്രസ് വിട്ടു വന്നവരെയും ബോർഡ് - കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാൻ ഇടയുണ്ട്. ശോഭനാ ജോർജ് ആണ് ഔഷധി വൈസ് ചെയർപേഴ്സൻ.