‘കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി മാറി’; പി.വി അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

‘മുഖ്യമന്ത്രിയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം’

Update: 2024-09-27 09:24 GMT
Advertising

തിരുവനന്തപുരം: വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി പി.വി അൻവർ എംഎൽഎ മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ജനാധിപത്യ കേന്ദ്രീകരണ തത്വത്തിൻ ഉൾപാർട്ടി ജനാധിപത്യത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം. അതുകൊണ്ട് തന്നെ നിർഭയമായ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്യം പാർട്ടിയിലുണ്ട്. ഇത്തരം ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിക്കുന്നത്. പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനങ്ങളാകട്ടെ ജനങ്ങൾക്ക് നീതി ലഭിക്കാൻ ഇടപെടുകയും ചെയ്യുകയാണ്.

പാർലമെൻ്ററി പ്രവർത്തനം എന്നത് പാർട്ടിയുടെ നിരവധി സംഘടനാപ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ്. എന്നിട്ടും പാർലമെൻ്ററി പാർട്ടിയിൽ സ്വതന്ത്ര അംഗം എന്ന നില പാർട്ടിയെ ആകെ തിരുത്താനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അൽപ്പത്തമാണ് അൻവർ കാണിച്ചത്.

പാർട്ടി അനുഭാവി അല്ലെങ്കിൽ പോലും നൽകുന്ന പരാതികൾ പരിശോധിച്ച് നീതി ലഭ്യമാക്കുകയെന്നതാണ് പാർട്ടിയുടെയും സർക്കാരിൻ്റെയും നയം. അതിൻ്റെ അടിസ്ഥാനത്തിൽ പി.വി അൻവർ നൽകിയ പരാതികൾ പാർട്ടിയും സർക്കാരും പരിശോധിക്കുകയും ചെയ്ത‌ിട്ടുണ്ട്. ഒരു മാസം കൊണ്ട് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പരിശോധനയ്ക്ക് ശേഷം പാർട്ടി പരിശോധിക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് പാർട്ടി വ്യക്തമാക്കുകയും ചെയ്‌തു.

പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള ഒരാളും ഇത്തരമൊരു സാഹചര്യത്തിൽ പൊതുപ്രസ്‌താവന നടത്തുകയില്ല. എന്നാൽ, അൻവർ തുടർച്ചയായി വിവിധ വിമർശനങ്ങൾ വലതുപക്ഷ രാഷ്ട്രീയക്കാർക്കു വേണ്ടി ഉന്നയിക്കുകയാണ് ചെയ്‌തത്. മുൻകൂട്ടി നിശ്ചയിച്ച ചില അജണ്ടകളുമായാണ് അദ്ദേഹം രംഗത്തിറങ്ങിയത് എന്ന കാര്യം ഇത് വ്യക്തമാക്കുന്നു.

സംഘപരിവാറിൻ്റെ അജണ്ട പ്രതിരോധിക്കാൻ എന്നും മുന്നിൽ നിന്നു എന്നതിൻ്റെ പേരിൽ തലക്ക് വില പറയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും മുന്നോട്ടുവെക്കുകയുണ്ടായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമെന്ന പ്രചാരണമാണ് ഉയർന്നുവന്നത്. ഇപ്പോഴാകട്ടെ ഹിന്ദുത്വ രാഷ്ട്രീയവുമായുള്ള സന്ധിയാണെന്നും ചിലർ പ്രചരിപ്പിക്കുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തെ തകർക്കുക എന്ന മതരാഷ്ട്രവാദ കാഴ്‌ചപ്പാടുകളാണ് ഇത്തരം ആശയപ്രചാരണക്കാരെ സ്വാധീനിച്ചിരിക്കുന്നത്.

നേതൃത്വത്തെ ദുർബലപ്പെടുത്തി പാർട്ടിയെ തകർക്കുക എന്ന വലതുപക്ഷ മാധ്യമങ്ങളുടേയും രാഷ്ട്രീയക്കാരുടേയും പ്രചാരണങ്ങളാണ് അൻവർ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം മാധ്യമങ്ങളുമായി ചേർന്ന് നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാനും അവയ്ക്കെതിരെ ജാഗ്രത പാലിക്കാനും കഴിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ അഭ്യർഥിച്ചു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News