ക്രൈസ്തവരെ ഒപ്പം കൂട്ടാനുള്ള ബി.ജെ.പി നീക്കം ശക്തമായി പ്രതിരോധിക്കാൻ സി.പി.എം
ഇടത് സർക്കാറുള്ളത് കൊണ്ടാണ് കേരളത്തിൽ ഉത്തരേന്ത്യയിലേത് പോലുള്ള അക്രമം ക്രൈസ്തവർ നേരിടാത്തതെന്നും സി.പി.എം പറഞ്ഞു വെക്കുന്നുണ്ട്
തിരുവനന്തപുരം: ക്രൈസ്തവരെ ഒപ്പം കൂട്ടാനുള്ള ബി.ജെ.പി നീക്കത്തെ ശക്തമായി പ്രതിരോധിക്കാൻ സി.പി.എം.ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ കോൺഗ്രസ് മൃദുസമീപനം സ്വീകരിക്കുന്നു എന്ന വിമർശനം കൂടി ഉയർത്തിയാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതിരോധം. ഇക്കാര്യം ഉന്നയിച്ച് വരും ദിവസങ്ങളിൽ ശക്തമായ പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനാണ് പാർട്ടി ആലോചിക്കുന്നത് .
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിച്ചതും ബി.ജെ.പി നേതാക്കൾ അരമനകൾ കയറിയിറങ്ങിയതും ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായിട്ടുള്ള ഗൗരവമായ രാഷ്ട്രീയ നീക്കമായിട്ടാണ് സി.പി.എം കണക്കുകൂട്ടുന്നത്. അതിനെ പഴയകാല സംഭവങ്ങൾ ഉയർത്തിയും ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയിൽ ഊന്നിയും പ്രതിരോധിക്കാനാണ് സി.പി.എമ്മിന്റെ നീക്കം.
എല്ലാക്കാലത്തും കോൺഗ്രസിനൊപ്പം നിന്നിട്ടുള്ള ഒരു വിഭാഗം ക്രൈസ്തവരുടെ വോട്ട് ബാങ്കിൽ കൂടി സി.പി.എം ലക്ഷ്യം വെക്കുന്നുണ്ട്. ക്രൈസ്തവരെ കൂടെ കൂട്ടാനുള്ള ബി.ജെ.പി നീക്കത്തെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കുന്നില്ലെന്ന പ്രചാരണമാണ് സിപിഎമ്മിൻേത്. മാത്രമല്ല ഇടത് സർക്കാരുള്ളത് കൊണ്ടാണ് കേരളത്തിൽ ഉത്തരേന്ത്യയിലേത് പോലുള്ള അക്രമം ക്രൈസ്തവർ നേരിടാത്തതെന്നും സി.പി.എം പറഞ്ഞ് വെക്കുന്നുണ്ട്.
സംസ്ഥാനമുടനീളം ഈ വിഷയത്തിൽ ഊന്നിയുള്ള പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനും സി.പി.എം ആലോചിക്കുന്നുണ്ട്. ക്രൈസ്തവ മതപുരോഹിതന്മാരുടെ ബി.ജെ.പി അനുകൂല പ്രസ്താവനകൾക്കെതിരെയും സി.പി.എം പ്രചാരണം നടത്തും.