കടുത്ത നടപടിയുമായി സിപിഎം; കുറ്റ്യാടി ലോക്കൽ കമ്മിറ്റി പരിച്ചുവിട്ടു
വിമത പ്രവർത്തനം നടന്നുവെന്ന് നേതൃത്വത്തിന്റെ വിലയിരുത്തൽ.
കുറ്റ്യാടി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കടുത്ത നടപടിയുമായി സിപിഎം. കുറ്റ്യാടി സിപിഎം ലോക്കൽ കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ചുവിട്ടു. സ്ഥലം എംഎൽഎ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് താഴെത്തട്ടിലെ നടപടി.
കുന്നുമ്മൽ ഏരിയ കമ്മിറ്റിയിലെ രണ്ട് പേരെ പുറത്താക്കിയിട്ടുണ്ട്. കുറ്റ്യാടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായ കെപി ചന്ദ്രി, മറ്റൊരു അംഗം ടികെ മോഹൻദാസ് എന്നിവരെയാണ് ഒഴിവാക്കിയത്.
സ്ഥാനാർത്ഥി നിർണയത്തിൽ കുറ്റ്യാടിയിലുണ്ടായ പ്രതിഷേധം, തെരഞ്ഞെടുപ്പിലെ വോട്ടു ചോർച്ച എന്നീ രണ്ട് കാര്യങ്ങൾ പരിശോധിച്ചാണ് നേതൃത്വത്തിന്റെ നടപടി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വിജയിച്ച വേളയിൽ തന്നെ അദ്ദേഹത്തിന്റെ പഞ്ചായത്തായ കുറ്റ്യാടിയിൽ സിപിഎം ലീഡ് 42 വോട്ടു മാത്രമായിരുന്നു. അവിടെ വിമത പ്രവർത്തനം നടന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ചു നടന്ന പരസ്യ പ്രകടനമാണ് പാർട്ടി നടപടികൾക്ക് ആധാരം. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.കെ.മോഹൻദാസ്, കെ.പി.ചന്ദ്രി, കുന്നുമ്മൽ കണാരൻ എന്നിവരോടാണ് പാർട്ടി വിശദീകരണം തേടിയിരുന്നു. പാർട്ടിയെ വെല്ലുവിളിച്ചുള്ള പരസ്യ പ്രതിഷേധം അറിഞ്ഞിട്ടും തടയാത്തതിനാണ് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്.