കരുവന്നൂര്‍ കേസ്: അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചെന്നു സ്ഥിരീകരിച്ച് സി.പി.എം
പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചെന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പില്‍ സമ്മതിച്ചു
തൃശൂര്‍: അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും സ്ഥിരീകരിച്ച് സി.പി.എം. പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചെന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പില്‍ സമ്മതിച്ചു. ഇ.ഡി നടപടിയില്‍ ഇതാദ്യമായാണ് സി.പി.എം പ്രതികരണം വരുന്നത്. കാര്യങ്ങള്‍ അറിയില്ലെന്നായിരുന്നു നേരത്തെ ജില്ലാ സെക്രട്ടറി പ്രതികരിച്ചിരുന്നത്.
ഇ.ഡി നടപടിയെ നിയമപരമായി നേരിടുമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയത്. കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണ്. ക്രമക്കേട് നടത്തിയ ചിലരെ മാപ്പുസാക്ഷിയാക്കി അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിച്ച് സി.പി.എം വിരുദ്ധ രാഷ്ട്രീയം കളിക്കുകയാണ്. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
സി.പി.എമ്മിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചും നാല് സെന്റ് സ്ഥലം കണ്ടുകെട്ടിയത് അനാവശ്യ നടപടിയാണ്. ഇലക്ടറല്‍ ബോണ്ടിനെതിരെ ശക്തമായ നിലപാടെടുത്തതുകൊണ്ടാണ് സി.പി.എമ്മിനെ വേട്ടയാടുന്നത്. കൊടകര കുഴല്‍പ്പണക്കേസും കൊടുങ്ങല്ലൂരിലെ കള്ളനോട്ടടിയുമൊന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാന്‍ തയാറാകുന്നില്ല. രണ്ടു കേസിലും സംസ്ഥാന പൊലീസ് ഔദ്യോഗികമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ ബി.ജെ.പിക്കാര്‍ ആയതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഈ കേസുകള്‍ അന്വേഷിക്കാത്തതെന്നും സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പിലൂടെ ആരോപിച്ചു.
Summary: CPM Thrissur district secretariat confirms in a news release that 4.66 cents worth of land purchased for the Porathissery local committee office and two fixed deposits have been frozen by ED