എ.കെ ബാലൻ, കെ.കെ ശൈലജ മുതൽ എം.സ്വരാജ് വരെ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖരെ രംഗത്തിറക്കാൻ സി.പി.എം
കഴിഞ്ഞ തവണ നഷ്ടപ്പെട്ട പാർട്ടി കോട്ടയായ ആലത്തൂർ ഇത്തവണ തിരിച്ച് പിടിക്കാനുള്ള സർവസന്നഹാവും പാർട്ടി ഒരുക്കുന്നുണ്ട്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലങ്ങള്‍ തിരിച്ച് പിടിക്കുന്നതിന് മുതിർന്ന നേതാക്കളെ രംഗത്തിറക്കാന്‍ സി.പി.എം ആലോചന. മുന്‍മന്ത്രിമാരായ ടി.എം തോമസ് ഐസക്,എ.കെ ബാലന്‍, കെ.കെ ശൈലജ, സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് എന്നിവരെ മത്സരിപ്പിക്കാന്‍ സി.പി.എം ആലോചിക്കുന്നതായിട്ടാണ് വിവരം. ഈ മാസം അവസാനം തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം സി.പി.എം സ്ഥാനാർഥി ചർച്ചകളിലേക്ക് കടക്കും.
കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ക്ഷീണം സി.പി.എമ്മിന് ഇതുവരെ വിട്ടിട്ടില്ല. ആകെ 20 സീറ്റ്, അതില്‍ 19 ലും ഒരു ഒന്നൊന്നര തോല്‍വി. അതുകൊണ്ട് കരുതലോടെയാണ് ഇത്തവണത്തെ മുന്നോരുക്കങ്ങള്‍. പരിചയസമ്പന്നരേയും പുതുമുഖങ്ങളേയും രംഗത്തിറക്കിയുള്ള കഴിഞ്ഞ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പികളിലെ പരീക്ഷണമാണ് സി.പി.എം ആലോചിക്കുന്നത്.
പാർട്ടിക്ക് കാര്യമായ വേരോട്ടം ഉണ്ടായിട്ടും കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകള്‍ ഇത്തവണ പിടിച്ചെടുക്കാന്‍ വേണ്ടി മുന്‍ മന്ത്രിമാരെ അടക്കം പരീക്ഷിക്കാനാണ് സിപിഎം നീക്കം. കണ്ണൂർ,വടകര,ആലത്തൂർ,പാലക്കാട്,പത്തനംതിട്ട സീറ്റുകളില്‍ പ്രധാനപ്പെട്ട നേതാക്കളെ രംഗത്തിറക്കാമെന്നാണ് പാർട്ടി ചിന്ത.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട പാർട്ടി കോട്ടയായ ആലത്തൂർ ഇത്തവണ തിരിച്ച് പിടിക്കാനുള്ള സർവസന്നഹാവും പാർട്ടി ഒരുക്കുന്നുണ്ട്. ഇതിനായി പാർട്ടി ഒന്നാം പേരുകാരനായി കാണുന്നത് കേന്ദ്രകമ്മിറ്റി അംഗമായ എ.കെ ബാലനാണ്. ബാലന് പരിചയമുള്ള മണ്ഡലം കൂടിയാണ് ആലത്തൂർ. മന്ത്രി കെ രാധാകൃഷ്ണനെ ആലോചിച്ചെങ്കിലും അദ്ദേഹത്തിന് താത്പര്യമില്ല. കഴിഞ്ഞ തവണ മത്സരിച്ച പി.കെ ബിജുവിനെ ഇത്തവണ പരിഗണിക്കുന്നില്ല.
സിപിഎം സംഘടനയായ പട്ടികജാതി ക്ഷേമസമതിയില്‍ അടുത്ത കാലത്ത് അംഗത്വമെടുത്ത ഫുട് ബോള്‍ താരം ഐ.എം വിജയന്‍ വന്നാല്‍ സിപിഎമ്മിന‍്‍റെ സർപ്രൈസ് എന്‍ട്രിയാകും. പത്തനംതിട്ടയില്‍ ടി.എം തോമസ് ഐസകോ, റാന്നി മുന്‍ എം.എല്‍.എ രാജു എബ്രഹാമോ കണ്ണൂരോ,വടകരയോ കെകെ ശൈലജയോ മത്സരിപ്പിക്കാനാണ് ചർച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട പാലക്കാട് തിരിച്ച് പിടിക്കാന്‍യുവനേതാവ് എം സ്വരാജിനെയാണ് സിപിഎം ആലോചിക്കുന്നത്.