ഈഴവ സമുദായം അകലുന്നു; എസ്.എൻ.ഡി.പിയിൽ ഇടപെടാൻ സി.പി.എം

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് നിർണായക നീക്കം

Update: 2024-07-27 15:36 GMT
Advertising

തിരുവനന്തപുരം: അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ സമുദായം അകലുന്ന പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പിയിൽ ഇടപെടലിനൊരുങ്ങി സി.പി.എം. പാർട്ടി കേഡർമാരായ ശാഖാ അംഗങ്ങളുടെ യോഗം വിളിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് നിർണായക നീക്കം.

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ആക്കം കൂട്ടിയത് എല്ലാക്കാലത്തും ഒപ്പം നിന്ന ഈഴവ വോട്ടുകൾ കൈവിട്ടു പോയതാണെന്ന തിരിച്ചറിവ് സി.പി.എമ്മിന് ഉണ്ടായിരുന്നു. ബൂത്ത് തലത്തിൽ വരെയുള്ള കണക്ക് പരിശോധിച്ച സംസ്ഥാന കമ്മിറ്റിയാണ് ഈഴവ വോട്ടുകൾ കൂട്ടത്തോടെ നഷ്ടപ്പെട്ടെന്ന് വിലയിരുത്തിയത്.

എസ്.എൻ.ഡി.പിയിൽനിന്ന് ബി.ജെ.പിയിലേക്ക് പോയ വോട്ട് തിരികെ കൊണ്ടുവരാൻ വേണ്ടി രാഷ്ട്രീയ ഇടപെടൽ നടത്താനാണ് സി.പി.എം നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പാർട്ടി കേഡർമാരായ ശാഖാ അംഗങ്ങളുടെ യോഗം വിളിക്കും.

യൂനിയൻ അടിസ്ഥാനത്തിലാണ് യോഗം വിളിക്കുന്നത്. എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിനെതിരെ അസംതൃപ്തിയുള്ളവരെയും യോഗത്തിൽ സഹകരിപ്പിക്കും. എസ്.എൻ.ഡി.പി ഭരവാഹികള്‍ ശ്രീനാരായണ ദർശനത്തിൽനിന്ന് പിന്നോട്ടുപോകുന്നു എന്ന വിമർശനം ഉയർത്തി നേതൃത്വത്തെ ചോദ്യം ചെയ്യാനാണ് ധാരണ.

യോഗം നേതൃത്വത്തെ ആർ.എസ്.എസ് ആധിപത്യത്തിൽനിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് പാർട്ടി വിശദീകരണം. ബി.ഡി.ജെ.എസ് വഴി എസ്.എൻ.ഡി.പിയിൽ ബി.ജെ.പി അജണ്ട നടപ്പാക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News