കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചവർക്ക് സി.പി.എമ്മിന്റെ സ്വീകരണം
എം. വിജിൻ എം.എൽ.എ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി
കണ്ണൂര്‍: കണ്ണൂർ പഴങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചവർക്ക് സി.പി.എമ്മിന്റെ സ്വീകരണം. ജയിൽമോചിതരായി എത്തിയ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കാണ് സി.പി.എം സ്വീകരണം നൽകിയത്. സി.പി.എം മാടായി ഏരിയാ കമ്മറ്റിയാണ് സ്വീകരണമൊരുക്കിയത്. ഡി.വൈ.എഫ്.ഐ മാടായി ബ്ലേക്ക് ജോയിന്റ് സെക്രട്ടറി പി. ജിതിൻ, ബ്ലോക്ക് കമ്മറ്റി അംഗം വി.കെ അനവിന്ദ്, ചെറുതാഴം മേഖലാ പ്രസിഡന്റ് കെ. റമീസ്, ചെറുതാഴം സൗത്ത് മേഖലാ പ്രസിഡന്റ് അമൽ ബാബു എന്നിവർക്കാണ് പാർട്ടി നേരിട്ട് സ്വീകരണം നൽകിയത്.
കഴിഞ്ഞ മാസം 20നാണ് കല്യാശ്ശേരിയിൽ നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദനമേൽക്കുന്നത്. മർദനത്തിൽ ഏഴുപേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
എന്നാൽ സംഭവത്തിൽ ആകെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതി റിമാന്റ് ചെയ്യുകയായിരുന്നു. പിന്നീട് റിമാന്റ് കാലാവധിക്കുശേഷം തിരികെയെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കാണ് ഇപ്പോൾ സി.പി.എം സ്വീകരണം നൽകിയത്. എം. വിജിൻ എം.എൽ.എ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി.