വയനാട് തുരങ്കപാത നശീകരണ പദ്ധതി, പുനരാലോചിക്കാൻ സിപിഎമ്മിനോട് ആവശ്യപ്പെടും: മേധാ പട്കർ
ദുരന്തസഹായം നൽകുന്നതിൽ പാർട്ടിയും വോട്ട് ബാങ്കും നോക്കരുതെന്നും മേധാ പട്കർ
വയനാട്: തുരങ്കപാതക്കെതിരെ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. സർക്കാർ പ്രഖ്യാപിച്ച തുരങ്കപാത നശീകരണ പദ്ധതിയാണെന്നും അത് വിനാശം വരുത്തിവെക്കുമെന്നും അവർ പറഞ്ഞു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളോട് പദ്ധതിയിൽ പുനരാലോചന നടത്താൻ ആവശ്യപ്പെടുമെന്നും മേധാ പട്കർ പറഞ്ഞു.
തുരങ്കങ്ങൾ അപകടം വരുത്തിവെക്കുമെന്ന് തെളിയിക്കപ്പെട്ടതാണെന്നും ഉത്തരാഖണ്ഡിലെ കേദാർനാഥിലുണ്ടായ ദുരന്തം ഇതിന് തെളിവാണെന്നും മേധാ മാധ്യമങ്ങളോട് പറഞ്ഞു.വയനാട്ടിലെ ഇക്കോ സിസ്റ്റത്തിന് തുരങ്കപാത പദ്ധതി വലിയ നാശമുണ്ടാക്കുമെന്നും അവർ പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു മേധാ പട്കർ.
കേന്ദ്രസർക്കാർ ഉരുൾപൊട്ടലിൽ അടിയന്തരസഹായം നൽകണമെന്നും അത് പാർട്ടിയും വോട്ട് ബാങ്കും നോക്കിയാവരുതെന്നും മേധാ പട്കർ പറഞ്ഞു. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ കിട്ടുന്നില്ലെന്നും അവർ ആരോപിച്ചു.
ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും മേധാ പട്കർ ആവശ്യപ്പെട്ടു. കോർപ്പറേറ്റുകളുടെ കോടികളുടെ കടം എഴുതിത്തള്ളുന്ന സർക്കാർ ദുരന്തബാധിതരുടെ കടവും എഴുതിത്തള്ളണം. പരിസ്ഥിതി നിയമങ്ങൾ ദുർബലമാക്കരുത്. അവർ കൂട്ടിച്ചേർത്തു.