ഇഡിക്ക് പിറകേ കണ്ടല സർവീസ് സഹകരണ ബാങ്കിൽ ക്രൈംബ്രാഞ്ച് പരിശോധന
ക്രൈംബ്രാഞ്ച് സംഘം ബാങ്ക് ജീവനക്കാര ചോദ്യം ചെയ്യുകയാണ്
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിൽ ക്രൈംബ്രാഞ്ച് പരിശോധന. ക്രൈംബ്രാഞ്ച് സംഘം ബാങ്ക് ജീവനക്കാര ചോദ്യം ചെയ്യുകയാണ്. ബാങ്കിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് ഇ.ഡിയും ബാങ്കിൽ പരിശോധന നടത്തിയിരുന്നു.
അതേസമയം, കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സി.പി.ഐ നേതാവും മുൻ ബാങ്ക് പ്രസിഡന്‍റുമായ എൻ ഭാസുരാംഗനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകണമെന്ന് നോട്ടീസ് നൽകിയിരിക്കുന്നത്. മകൻ അഖിൽ ജിത്തും ഹാജരാകണം. ഇന്നലെ ഭാസുരാംഗനെ എട്ട് മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്തിരുന്നു.
ബാങ്കിലെ 35 കോടിയോളം രൂപ ഭാസുരാംഗൻ തിരിമറി നടത്തിയെന്നും ഈ പണം കൈകാര്യം ചെയ്തത് അഖിൽജിത്താണെന്നുമാണ് ഇ.ഡിയുടെ നിഗമനം. അഖിൽജിത്തിൻറെ 70 ലക്ഷത്തോളം രൂപ വില വരുന്ന ആഡംബര കാർ ഇ.ഡി സീൽ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ 39 മണിക്കൂർ പിന്നിട്ട ഇ.ഡി പരിശോധന അവസാനിച്ചിരുന്നു. ഏഴിടങ്ങളിലെ പരിശോധന നേരത്തെ അവസാനിച്ചിരുന്നെങ്കിലും ഭാസുരാംഗന്റെ കണ്ടലയിലെ വീട്ടിലും കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ മാറനല്ലൂർ ശാഖയിലും പരിശോധന തുടർന്നു. ഈ പരിശോധന രാത്രി ഒമ്പതരയോടെ അവസാനിച്ചു.