പുരാവസ്തു തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാകുന്നു
മോൻസൻ മാവുങ്കൽ മാത്രം പ്രതിയായിരുന്ന കേസ് കെ സുധാകരൻ കൂടി പ്രതിപ്പട്ടികയിലേക്ക് എത്തിയതോടെയാണ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്
കൊച്ചി: കെപിസിസി അധ്യക്ഷൻ കെ സുധാകരനടക്കം പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം തയ്യാറാകുന്നു. നിയമപരിശോധനകൾക്ക് ശേഷം അടുത്ത മാസം ആദ്യം കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം. കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ദേവ സങ്കൽപ്പത്തിലെ ആദ്യ ദാരു ശിൽപം മുതൽ ബൈബിളിലെ മോശയുടെ വടി വരെയാണ് മോൻസൻ മാവുങ്കൽ വ്യാജമായി വിൽപ്പനക്കെത്തിച്ചത്. കേരളം അന്ന് വരെ കേട്ടിട്ടില്ലാത്ത വമ്പൻ പുരാവസ്തു തട്ടിപ്പായിരുന്നു നടന്നത്. 2021 ലാണ് മോൻസൻ മാവുങ്കലിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് വർഷങ്ങൾക്കിപ്പുറം കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം എറണാകുളം അസിജെഎം കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റസ്റ്റത്തിന്റെ നേതൃത്വത്തിലുളള സംഘം. അറസ്റ്റിലായ ഏഴ് പ്രതികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം. നിയമപരിശോധനകൾക്ക് ശേഷം അടുത്ത മാസം ആദ്യം കോടതിയിൽ സമർപ്പിക്കാനാണ് നീക്കം.
തുടക്കത്തിൽ മോൻസൻ മാവുങ്കൽ മാത്രം പ്രതിയായിരുന്ന പുരാവസ്തു തട്ടിപ്പ് കേസ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കൂടി പ്രതിപ്പട്ടികയിലേക്ക് എത്തിയതോടെയാണ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. പരാതിക്കാർ നൽകി 25 ലക്ഷം രൂപയിൽ 10 ലക്ഷം കെ സുധാകരൻ കൈപറ്റിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതികളായി. പുരാവസ്തു വിൽപ്പനയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചതാണ് ഐജി ലക്ഷ്ണിന് കുരുക്കായതെങ്കിൽ മോൻസനുമായുളള സാമ്പത്തിക ഇടപാടുകളിലാണ് റിട്ട ഡിഐജി എസ് സുരേന്ദ്രനും പ്രതിയായത്. കെ സുധാകരന്റെ സുഹൃത്ത് എബിൻ എബ്രഹാം കേസിൽ അഞ്ചാം പ്രതിയും എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ ആറാം പ്രതിയും മോൻസന് വ്യാജ പുരാവസ്തുക്കൾ വിറ്റ സന്തോഷ് ഏഴാം പ്രതിയുമാണ്. പുരാവസ്തുക്കൾ നിർമ്മിച്ച് നൽകിയ ശിൽപി സുരേഷ് കേസിൽ സാക്ഷിയാണ്.
Crime branch prepares chargesheet in antiquities fraud case