നിർണായക തെളിവുകളായി ഡിജിറ്റൽ രേഖകൾ: സുൽത്താൻബത്തേരി കോഴക്കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഒന്നാം പ്രതിയും സി.കെ ജാനു രണ്ടാം പ്രതിയുമാണ്.
സുൽത്താൻബത്തേരി: തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഒന്നാം പ്രതിയും സി.കെ ജാനു രണ്ടാം പ്രതിയുമാണ്. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എന്‍.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് കെ. സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. കെ.സുരേന്ദ്രൻ, സി.കെ ജാനു എന്നിവർ ഒന്നും രണ്ടും പ്രതികളായ കേസിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ മൂന്നാം പ്രതിയാണ്.
പത്തുലക്ഷം രൂപ കെ.സുരേന്ദ്രൻ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചും 25 ലക്ഷം രൂപ ബത്തേരിയിലെ ഹോം സ്റ്റേയിൽ വെച്ചും സി.കെ ജാനുവിന് കൈമാറി എന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. കെ.സുരേന്ദ്രനടക്കമുള്ളവരുടെ ഫോൺ സംഭാഷണങ്ങളും ശബ്ദ പരിശോധനാ ഫലവും അടക്കമുള്ള ഡിജിറ്റൽ രേഖകളുമാണ് കുറ്റപത്രത്തിലെ നിർണായക തെളിവുകൾ.
സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപ്പാർട്ടിയുടെ മുൻ ട്രഷറർ പ്രസീത അഴീക്കോട് കോഴ തെളിയിക്കുന്ന ടെലഫോൺ സംഭാഷണങ്ങൾ പുറത്തുവിട്ടതോടെയാണ് ബത്തേരി തെരഞ്ഞെടുപ്പു കോഴക്കേസ് വിവാദമായത്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് നൽകിയ പരാതിയിൽ മുൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യും നിലവിൽ പാലക്കാട് നർകോട്ടിക് സെൽ ഡിവൈ.എസ്.പി.യുമായ ആർ. മനോജ്കുമാറാണ് അന്വേഷണം നടത്തിയത്.