നാടിനെ നടുക്കിയ 2022; നരബലിയും പ്രണയപ്പകക്കൊലയും മുതൽ പൊലീസ് സ്റ്റേഷൻ ആക്രമണം വരെ

മലയാളക്കര കേട്ടുകേൾവിയില്ലാത്ത നരബലി മുതൽ മകനേയും കുടുംബത്തേയും രാത്രി വീടിന് തീവച്ച് കൊന്നതും വിഴിഞ്ഞം സമരത്തിനിടെ നടന്ന പൊലീസ് സ്റ്റേഷൻ അക്രമവും വരെ എത്തി നിൽക്കുന്ന വൻ കുറ്റകൃത്യങ്ങൾ നടന്ന വർഷം-2022. പോയ വർഷം കേരളം നടുങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രധാനപ്പെട്ടവയിലൂടെ ഒരിക്കൽക്കൂടി കണ്ണോടിക്കാം.

Update: 2022-12-31 13:16 GMT
Advertising

കേരളത്തെ മാത്രമല്ല, ഇന്ത്യയെ തന്നെ നടുക്കിയ നിരവധി സംഭവങ്ങൾക്ക് സാക്ഷിയായ വർഷമാണ് 2022. ഇവയിൽ പലതും ഹൃദയഭേദകവും അത്യന്തം ക്രൂരവും കൊടുംഭീകരവുമായിരുന്നു. മലയാളക്കര കേട്ടുകേൾവിയില്ലാത്ത നരബലി മുതൽ മകനേയും കുടുംബത്തേയും രാത്രി വീടിന് തീവച്ച് കൊന്നതും വിഴിഞ്ഞം സമരത്തിനിടെ നടന്ന പൊലീസ് സ്റ്റേഷൻ അക്രമവും വരെ എത്തി നിൽക്കുന്ന വൻ കുറ്റകൃത്യങ്ങൾ നടന്ന വർഷം.

പുരോ​ഗമന മുഖംമൂടിയണിഞ്ഞ് ആഭിചാരത്തിന്റെ ഇരുൾമുറിയിൽ നിറഞ്ഞാടിയ ഭഗവൽ സിങ്ങും മുഹമ്മദ് ഷാഫിയും ലൈലയും മരണക്കിടക്കയിലും പ്രേമഭാജനത്തെ വിശ്വസിച്ച കാമുകനെ ജ്യൂസിൽ വിഷം കൊടുത്തുകൊന്ന ഗ്രീഷ്മയും പ്രണയത്തിൽ നിന്ന് പിന്മാറിയതിന് മുൻ കാമുകിയെ കഴുത്തറുത്തു കൊന്ന ശ്യാംജിത്തുമൊക്കെ വില്ലൻ വേഷങ്ങളിൽ നിറഞ്ഞാടിയ 2022. ഇവരുടെയൊക്കെ കൈകളാൽ പിടഞ്ഞുമരിച്ച പത്മവും റോസ്‍ലിയും ഷാരോണും വിഷ്ണുപ്രിയയുമെല്ലാം നീറുന്ന ഓർമയായി മാറിയ 2022. കൊലവർഷമായ 2022. പോയ വർഷം കേരളം നടുങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രധാനപ്പെട്ടവയിലൂടെ ഒരിക്കൽക്കൂടി കണ്ണോടിക്കാം.

1. ഇലന്തൂർ നരബലി

ഏറെ ഞെട്ടലോടെയാണ് ഒക്ടോബർ 11ന്റെ പുലരിയിൽ മലയാളി ഉറക്കമുണർന്നത്. പത്തനംതിട്ട ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലി നൽകിയെന്നതായിരുന്നു ആ വാർത്ത. കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസ്‍ലി, പൊന്നുരുന്നിയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനി പത്മം (52) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനായുമാണ് ഇരുവരെയും അതിക്രൂരമായി കൊലപ്പെടുത്തിയത്.


ഇലന്തൂർ സ്വദേശികളായ ലൈല- ഭഗവൽസിങ് ദമ്പതികൾ വ്യാജ സിദ്ധനായ ഷാഫിയുടെ സഹായത്തോടെ ഇരുവരേയും നരബലിക്ക് വിധേയമാക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ ആദ്യ ആഴ്ചയിലും സെപ്തംബർ അവസാന ആഴ്ചയിലുമായിട്ടാണ് കൊലപാതകങ്ങൾ. 56 കഷണങ്ങളായിട്ടായിരുന്നു പത്മയുടെ മൃതദേഹം വെട്ടിമുറിച്ചത്. സെപ്തംബർ 26നാണ് പത്മയെ കാണാതാകുന്നത്. ബന്ധുക്കൾ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത മിസ്സിങ് കേസിൽ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.


സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ടെന്നും പത്ത് ലക്ഷം പ്രതിഫലം വാങ്ങിത്തരാമെന്നും പ്രലോഭിപ്പിച്ചാണ് റോസ്‌ലിയെ ഇലന്തൂരിലെത്തിച്ചത്. റോസ്‌ലിയെ കൊന്നത് ലൈലയായിരുന്നു. സ്ത്രീകളെ കഴുത്തറത്തു കൊന്ന ശേഷം മൃതദേഹഭാഗങ്ങൾ വെട്ടിനുറുക്കി വീടിനു സമീപം കുഴിച്ചിട്ടു. മൃതദേഹഭാ​ഗങ്ങൾ വേവിച്ചു കഴിക്കുകയും ചെയ്തു. കേസിൽ ഡി.എൻ.എ പരിശോധന പൂർത്തിയാവുകയും പ്രതികളുടെ വീട്ടിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ കൊല്ലപ്പെട്ട പത്മയുടേതും റോസ്‍ലിന്റേതുമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

2. എസ്ഡിപിഐ- ആർഎസ്എസ് നേതാക്കളുടെ കൊലപാതകം

സമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന രാഷ്ട്രീയ കൊലകൾ കേരളത്തിൽ പുതിയ സംഭവമല്ല. അത്തരത്തിൽ രണ്ടെണ്ണത്തിനാണ് പോയ വർഷം സംസ്ഥാനം സാക്ഷിയായത്. രണ്ടും പാലക്കാട് ജില്ലയിലായിരുന്നു. ആദ്യത്തേതിന്റെ പിറ്റേന്ന് അതേ സമയമാണ് രണ്ടാമത്തേത് നടന്നത്. ഏപ്രിൽ 15ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആദ്യത്തെ കൊല നടന്നത്. എസ്‌ഡിപിഐ പ്രവർത്തകൻ എലപ്പുള്ളി കുപ്പിയോട് സുബൈറിനെയാണ് ആർഎസ്എസുകാർ കൊന്നത്. ജുമുഅ നിസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വരവെ പാലക്കാട് നോമ്പിക്കോട് വച്ചാണ് സുബൈറിനെ ആർഎസ്എസ് സംഘം വെട്ടിക്കൊന്നത്. കേസിൽ ഒമ്പത്‌ പ്രതികളാണ് അറസ്റ്റിലായത്. ബിജെപി പ്രവർത്തകനായിരുന്ന സഞ്ജിത്തിന്റെ കൊന്നതിന്റെ പ്രതികാരമാണ് സുബൈർ വധമെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. 



സുബൈർ വധത്തിന്റെ നടുക്കം മാറുംമുമ്പാണ് അടുത്ത കൊലപാതകം അരങ്ങേറിയത്. സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ ശ്രീനിവാസനാണ് പിറ്റേദിവസം കൊല്ലപ്പെട്ടത്. ഏപ്രിൽ 16ന് ഉച്ചയ്ക്ക് ഒന്നോടെയാണ് മേലാമുറിയിൽ എസ്‌കെഎസ് ഓട്ടോ എന്ന സ്ഥാപനത്തിലെത്തി ശ്രീനിവാസനെ പിഎഫ്ഐ- എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊന്നത്. 44 പ്രതികളുള്ള കേസിൽ 41 പേരാണ് അറസ്റ്റിലായത്. പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ വഴിയൊരുക്കിയ കേസിൽ കേന്ദ്ര ഉത്തരവ് പ്രകാരം അന്വേഷണം എൻഐഎ ഏറ്റെടുത്തിരുന്നു. കേസിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരായിരുന്ന പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തിട്ടുണ്ട്. കൊലപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് പിഎഫ്ഐ തയാറാക്കിയിരുന്നു എന്ന പൊലീസ് കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്.

3. കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന 23കാരി

തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണെന്ന യുവാവ് കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നു. സ്വാഭാവികമായും സ്വാഭാവികമരണമെന്ന് പൊലീസ് എഴുതിത്തള്ളാൻ ശ്രമിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രം​ഗത്തെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരവും അസാമാന്യവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷാരോണിനെ താൻ കഷായത്തിൽ വിഷം കൊടുത്തു കൊന്നതാണെന്ന കാമുകിയായ ​ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ കേട്ട് കേരളം ഞെട്ടി.


മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച ​ഗ്രീഷ്മ, അയാളെ കല്യാണം കഴിക്കാനായി ഷാരോണിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഭർത്താവ് മരിക്കുമെന്ന ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ചായിരുന്നു ഷാരോണിനെ കൊണ്ട് താലി കെട്ടിച്ച ശേഷം അരുംകൊല. ഇതിനായി ആസൂത്രിത നീക്കമാണ് ഗ്രീഷ്‌മ നടത്തിയത്. ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തിയാണ് ഇം​ഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ​ഗ്രീഷ്മ ഷാരോണിന് നൽകിയത്. തുടർ‍ന്ന് കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ വൃക്കയുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ ദ്രവിച്ച് 25നാണ് മരിക്കുന്നത്. മരണക്കിടയിലും ഷാരോൺ ​ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല.


താൻ വിഷം കൊടുത്ത കാര്യം ആദ്യം നിഷേധിച്ച ​22കാരി, ക്രൈംബ്രാഞ്ച് സംഘത്തിന്റെ എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സത്യം വെളിപ്പെടുത്തി. അതിനു മുമ്പ് ജ്യൂസിൽ വിഷം കലർത്തിയ ജ്യൂസും കുടിക്കാൻ നൽകിയിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പലപ്പോഴായി ചെറിയ അളവിൽ ജ്യൂസിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച ​ഗ്രീഷ്മ, ഇത് വിജയിക്കാതെ വന്നതോടെയാണ് വലിയ അളവിൽ വിഷം കലർത്തിയ കഷായം കുടിക്കാൻ നൽകിയത്. സംഭവത്തിൽ തെളിവ് നശിപ്പിച്ച് പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതിന് തമിഴ്‌നാട് രാമവർമൻചിറ സ്വദേശിനിയായ ​ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റിലായിരുന്നു.

4. പ്രണയപ്പകയെടുത്ത ജീവനുകൾ

പ്രണയപ്പകയാൽ പെൺകുട്ടികളുടെ ജീവൻ പൊലിഞ്ഞതും ആക്രമിക്കപ്പെട്ടതുമായ നിരവധി സംഭവങ്ങൾക്കാണ് പോയ വർഷം കേരളക്കര സാക്ഷിയായത്. കണ്ണൂർ പാനൂർ വെള്ള്യായിൽ വിഷ്ണുപ്രിയയെന്ന പെൺകുട്ടിയേയും കഴിഞ്ഞദിവസം വർക്കലയിൽ സം​ഗീതയെന്ന പെൺകുട്ടിയേയും പാലക്കാട് കൊല്ലങ്കോട് ധന്യയെന്ന 16കാരിയേയും മുൻ കാമുകന്മാർ ക്രൂരമായി കൊലപ്പെടുത്തിയതൊക്കെ അതിൽ ചിലതു മാത്രം.

ഒക്ടോബർ 23ന് രാവിലെയായിരുന്നു കേരളത്തെ നടുക്കിയ പാനൂർ മൊകേരി വള്ള്യായിയിൽ വിഷ്ണുപ്രിയയെന്ന 23കാരിയുടെ നിഷ്ഠൂര കൊലപാതകം. മുൻ കാമുകനായ 25കാരൻ ശ്യാംജിത്തിന്റെ കൊലക്കത്തിക്കാണ് വിഷ്ണുപ്രിയ ഇരയായത്. ഒക്ടോബർ 19നാണ് വിഷ്ണപ്രിയയെ കൊല്ലാൻ പ്രതി തീരുമാനിച്ചത്. പൊന്നാനി സ്വദേശിയായ യുവാവും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന് മുൻ കാമുകനായ ഇയാൾ സംശയിച്ചിരുന്നു. ഇതാണ് പ്രണയപ്പകയ്ക്ക് കാരണമായത്.


രാവിലെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം കൃത്യമായി നിരീക്ഷിച്ചു മനസിലാക്കി അടുക്കള വാതിലിലൂടെയെത്തിയ പ്രതി പെൺകുട്ടിയുടെ മുറിയിൽ കയറി കത്തി കൊണ്ട് വെട്ടുകയും കുത്തുകയുമായിരുന്നു. ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകളേറ്റ പെൺകുട്ടി അപ്പോൾതന്നെ മരിച്ചു. സുഹൃത്തുമായി വീഡിയോകോളിലായിരുന്ന വിഷ്ണുപ്രിയ തന്റെ മുറിയിലേക്ക് ശ്യാംജിത്ത് കയറി വരുന്നത് സുഹൃത്തിന് കാണിച്ചുകൊടുത്തതും പ്രതിയെ സുഹൃത്ത് കണ്ടതുമാണ് കേസിൽ നിർണായകമാണ്. കൊലയ്ക്ക് ശേഷം അച്ഛന്റെ കടയിലേക്ക് പോയ ശ്യാംജിത്ത് അന്നുതന്നെ പിടിയിലായി.


ഡിസംബർ 28 പുലർച്ചെ ഒന്നരയോടെയാണ് വർക്കല വടശേരിക്കോണം സ്വദേശിയായ 17കാരി സം​ഗീത ക്രൂരമായി കൊല്ലപ്പെടുന്നത്. മുമ്പ് ബന്ധമുണ്ടായിരുന്ന ​ഗോപുവാണ് കുട്ടിയെ കൊലപ്പെടുത്തിയത്. രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം കഴുത്തിന് വെട്ടുകയായിരുന്നു. നിലവിളിച്ച് വീട്ടിലേക്കോടിയ സംഗീതയെ രക്തത്തിൽ കുളിച്ചാണ് വീട്ടുകാർ കണ്ടത്. ആശുപത്രിയിലെത്തിക്കും മുമ്പെ മരിച്ചു. കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ ലഹരിക്കടിമയായ ഇയാൾ അഖിലെന്ന പേരിൽ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചാണ് കൊല്ലാനായി വീടിനു പുറത്തേക്ക് വിളിച്ചുവരുത്തിയത്.


ഒക്ടോബറിലാണ് പാലക്കാട് കൊല്ലങ്കോട് 16കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകൻ തീകൊളുത്തി കൊന്നത്. തുടർന്ന് ഇയാളും തീകൊളുത്തുകയും ഇരുവരും മരിക്കുകയും ചെയ്തു. കൊല്ലങ്കോട് കിഴക്കേ​ഗ്രാമം സ്വദേശികളായ ബാലസുബ്രഹ്മണ്യം (23), ധന്യ (16) എന്നിവരാണ് മരിച്ചത്. പ്രണയനൈരാശ്യമായിരുന്നു കൊലയ്ക്ക് കാരണം. ബാലസുബ്രഹ്മണ്യവും പെൺകുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നു. ബന്ധത്തെ എതിർത്ത വീട്ടുകാർ ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.


ഇവ കൂടാതെ, സെപ്തംബറിൽ തൃശൂർ നഗരമധ്യത്തിൽ പെൺകുട്ടിയെ യുവാവ് കൊല്ലാൻ ശ്രമിച്ചിരുന്നു. റെസ്റ്റോറന്റിൽ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കഴുത്തിനും പുറത്തും കുത്തുകയായിരുന്നു. കഴുത്തറുത്തു കൊല്ലാനായിരുന്നു പദ്ധതി. അക്രമി കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാർ ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു.

ഒക്ടോബറിൽ കോട്ടയം കറുകച്ചാലിൽ പെൺകുട്ടിയെ പ്രണയപ്പകയാൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഇടതുകൈയ്ക്ക് കുത്തേറ്റ പെൺകുട്ടി സ്റ്റേഷനിലേക്ക് ഓടിക്കയറി. സംഭവത്തിൽ പാമ്പാടി പൂതക്കുഴി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബർ മൂന്നിന് കൊച്ചി കലൂരിൽ വച്ച് ഉത്തരേന്ത്യക്കാരിയായ പെൺകുട്ടിയെ നടുറോഡിൽ വച്ച് വെട്ടിവീഴ്ത്തിയിരുന്നു. പെൺകുട്ടിയുടെ കൈയിലാണ് വെട്ടേറ്റത്.

5. മകനേയും കുടുംബത്തേയും തീവച്ച് കൊന്ന് 79കാരൻ, പെട്ടിഓട്ടോയിലിട്ട് ഭാര്യയേയും മകളേയും കത്തിച്ചുകൊന്ന് ജീവനൊടുക്കി ഭർത്താവ്

ഇടുക്കി തൊടുപുഴ ചീനിക്കുഴിയിൽ മാർച്ച് 19ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു നാടിനെ കണ്ണീർക്കയത്തിലാക്കിയ ദാരുണ കൊലപാതകം. സ്വത്ത് തർക്കത്തെ തുടർന്ന് 79കാരനായ ഹമീദ് മകൻ മുഹമ്മദ് ഫൈസൽ (45), മരുമകൾ ഷീബ (40), പേരക്കുട്ടികളായ മെഹ്റു (16), അസ്ന (14) എന്നിവരെ തീവച്ച് കൊന്നത്. ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോൾ ഹമീദ് വീടിന് തീയിടുകയായിരുന്നു. തീപിടിച്ചതിനെത്തുടർന്ന് ഞെട്ടിയെഴുന്നേറ്റ കുട്ടികളിലൊരാൾ അയൽക്കാരനെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. 


എന്നാൽ അവരെത്തിയെങ്കിലും വെള്ളമില്ലാത്തതിനാൽ തീയണയ്ക്കാനായില്ല. അങ്ങനെ നാലുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടുത്തം ആരെങ്കിലും കണ്ടാൽ വെള്ളമൊഴിച്ച് കെടുത്താതിരിക്കാൻ വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഒഴുക്കിവിട്ടു. മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്തുനിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു.


മെയ് 5നായിരുന്നു മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ കൊണ്ടിപ്പറമ്പിൽ ​ഗുഡ്സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. ​മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്‌മി ഇവരുടെ മകൾ സഫ എന്നിവരാണ് മരിച്ചത്. ഇരുവരേയും വാഹനത്തിലിട്ട് കത്തിച്ച ശേഷം, പൊള്ളലേറ്റ ഇയാൾ കിണറ്റിൽ ചാടി മരിക്കുകയായിരുന്നു. മുഹമ്മദ് ഭാര്യാവീട്ടിലെത്തി ജാസ്‌മിനെയും രണ്ടു മക്കളെയും വാഹനത്തിലേക്ക് വിളിച്ചു വരുത്തി തീ കൊടുത്തുകയായിരുന്നു. ജാസ്‌മിന്റെയും മകൾ സഫയുടെയും മൃതദേഹം വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിലും മുഹമ്മദിന്റെ മൃതദേഹം കിണറ്റിലുമാണ് കാണപ്പെട്ടത്.


6. ഒറ്റമൂലി രഹസ്യമറിയാൻ പാരമ്പര്യ വൈദ്യനെ തടവിലാക്കി മർദിച്ച് കൊന്നു

വിവിധ രഹസ്യങ്ങൾ അറിയാൻ ശാസ്ത്രജ്ഞരെയും സൈനിക ഉദ്യോഗസ്ഥരെയുമൊക്കെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്. ‌എന്നാൽ മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ ഒരു പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം കേരളം നടുക്കത്തോടെയാണ് കേട്ടത്. മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷരീഫിനെയാണ് ഒറ്റമൂലി രഹസ്യമറിയാൻ ഒരു സംഘം തട്ടിക്കൊണ്ടുപോയി ഒന്നര വർഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് ക്രൂരമായി മർദിച്ച് വകവരുത്തിയത്. 


2019ലാണ് മൈസൂർ സ്വദേശിയായ വൈദ്യനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫും സംഘവും നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുപോയത്. 60കാരനായ വൈദ്യനെ വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് മുഖ്യപ്രതിയായ ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിയുകയായിരുന്നു.


ഏപ്രിൽ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ടു പേർ നടത്തിയ ആത്മഹത്യാശ്രമമാണ് അതിക്രൂര കൊലയുടെ ചുരുളഴിയാൻ കാരണമായത്. ഷൈബിൻ അഷ്‌റഫ് എന്ന പ്രവാസി വ്യവസായി തങ്ങളെ കൊല്ലാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഇവർ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. നിലമ്പൂരിൽ ഷൈബിന്റെ വീട്ടിൽ കവർച്ച നടത്തിയെന്ന കേസിലെ പ്രതികളായിരുന്നു ഇവർ. കവർച്ചാക്കേസിലെ പ്രതികളായതിനാൽ ഇവരുടെ ആരോപണങ്ങളൊന്നും ആദ്യദിവസങ്ങളിൽ ആരും ശ്രദ്ധിച്ചില്ല. എന്നാൽ പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിന്നതോടെ കന്റോൺമെന്റ് പൊലീസ് ഇവരെ നിലമ്പൂർ പൊലീസിന് കൈമാറി. പിന്നീട് അവർ നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കേരളത്തെ ഞെട്ടിച്ച ദാരുണ കൊലപാതകത്തിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറംലോകമറിഞ്ഞത്. കേസിൽ ഷൈബിനെ കൂടാതെ ഇയാളുടെ ഭാര്യയുൾപ്പെടെ മറ്റ് അഞ്ച് പേർ കൂടിയാണ് അറസ്റ്റിലായത്. ഇനിയും പ്രതികൾ പിടിയിലാവാനുണ്ട്.


7. പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാർക്ക് മർദനം, വാഹനങ്ങൾ കത്തിക്കൽ

വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരം രാജ്യമൊട്ടാകെ ശ്രദ്ധിച്ച ഒന്നായിരുന്നു. എന്നാൽ നാടൊന്നാകെ മുൾമുനയിൽ നിന്ന ചെയ്തികൾക്കാണ് നവംബർ 27ന്റെ രാത്രി സാക്ഷ്യം വഹിച്ചത്. സമരപ്പന്തലിന്​ സമീപമുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലെടുത്ത അഞ്ച് പേരെയും വിട്ടയക്കണമെന്നും വൈദികരടക്കമുള്ളവർക്കെതിരെ ചുമത്തിയ കള്ളക്കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ അക്ഷരാർഥത്തിൽ കലാപസമാനമായ ആക്രമണമാണ് നടത്തിയത്.


സ്റ്റേഷൻ വളഞ്ഞ സ്ത്രീകളടക്കം ആയിരക്കണക്കിന് സമരക്കാർ വളപ്പിലുണ്ടായിരുന്ന രണ്ട് പൊലീസ് ജീപ്പുകൾ അടക്കം നാല് പൊലീസ് വാഹനങ്ങൾ തകർത്തു. പൊലീസുകാരെയും മാധ്യമപ്രവർത്തകരെയും മർദിച്ചു. സ്റ്റേഷനിലെ ഷെഡും തകർത്തു. സ്റ്റേഷനു മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. അതിലെ പട്ടികകൾ കൊണ്ട് പൊലീസുകാരെ ആക്രമിച്ചു. പരിക്കേറ്റ പൊലീസുകാരുൾപ്പെടെ സ്റ്റേഷനുള്ളിൽ കയറി ഗ്രിൽ അടച്ചിട്ടാണ് രക്ഷപ്പെട്ടത്. സംഭവമറിഞ്ഞെത്തിയ കരമന സ്റ്റേഷനിലെ ജീപ്പും തകർത്തു. തുടർന്ന് വിഴിഞ്ഞം സ്റ്റേഷനുള്ളിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ജീപ്പുകൾ അടിച്ചുതകർത്തു. പരിക്കേറ്റ 36 പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കാൻ സ്ഥലത്തെത്തിയ 108 ആംബുലൻസും തടഞ്ഞു. സംഭവസ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയും സമരക്കാർ പ്രവേശിപ്പിച്ചില്ല.


ഇതോടെ പൊലീസ്​ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. അടൂർ, റാന്നി ക്യാമ്പുകളിൽ നിന്ന് കൂടുതൽ പൊലീസുകാരെ വിളിപ്പിച്ചു. മൂന്ന് മണിക്കൂറോളം പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലായിരുന്നു സ്റ്റേഷൻ പരിസരം. ഇതിനിടെ സംഭവം മൊബൈലിൽ ചിത്രീകരിക്കുകയായിരുന്ന എസിവി പ്രാദേശിക ലേഖകനെ പ്രതിഷേധക്കാർ മർദിക്കുകയും മൊബൈൽ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 3000 പേർക്കെതിരെ കേസെടുത്തെങ്കിലും പെട്ടെന്നൊരു അറസ്റ്റ് വേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം. പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.


എന്നാൽ, 2022ൽ നടന്ന ഏറെ ശ്രദ്ധിക്കപ്പെട്ട കുറ്റകൃത്യങ്ങൾ ഇതുകൊണ്ടൊന്നും തീരുന്നില്ല. മദ്യപിച്ചു ബഹളം വച്ചതിന് തൃശൂർ ചേർപ്പ് മുത്തുള്ളിയാലിൽ യുവാവ് സഹോദരനെ കൊലപ്പെടുത്തി മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചു മൂടിയ സംഭവം, കൊച്ചിയിൽ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം, ഡൽഹിയിൽ കാമുകിയായ 19കാരി ശ്രദ്ധയെ 28കാരൻ അഫ്താബ് പൂനവാല കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം പിന്നീട് പലയിടത്തായി ഉപേക്ഷിച്ചത്, തൃശൂർ ഇഞ്ചക്കുണ്ടിൽ മകൻ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയത്, തൃശൂർ കുന്നംകുളത്ത് സ്വത്ത് തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷംകൊടുത്തു കൊന്നത്, കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിലിട്ടു പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്, കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്, പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസികൾ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിലെ അക്രമങ്ങൾ ഇങ്ങനെ നീണ്ടുപോവുന്നു ആ പട്ടിക.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - ഷിയാസ് ബിന്‍ ഫരീദ്

contributor

Similar News