വാങ്ങിയ മരുന്നിന്റെ പണം സർക്കാർ അടച്ചില്ല; പെരിറ്റോണിയൽ ഡയാലിസിസിനായുള്ള സൗജന്യ ഫ്ലൂയിഡ് വിതരണം നിർത്തി
കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ നിന്നുള്ള സൗജന്യ ഫ്ലൂയിഡ് വിതരണം നിർത്തി
കോഴിക്കോട്: വൃക്കരോഗികൾക്ക് വീട്ടിൽ തന്നെ പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യാനുള്ള സൗജന്യ ഫ്ലൂയിഡ് വിതരണത്തിൽ പ്രതിസന്ധി. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ നിന്നുള്ള സൗജന്യ ഫ്ലൂയിഡ് വിതരണം നിർത്തി. ഫ്ലൂയിഡ് വിതരണം ചെയുന്ന സ്വകാര്യ കമ്പനികൾക്ക് സർക്കാർ പണം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. രോഗികൾ കോഴിക്കോട് എഡിഎംഒയ്‌ക്ക് പരാതി നൽകി.
2022ലാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി കൊണ്ടുവന്നത്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രിയില്‍ മാത്രം ചെയ്യാന്‍ കഴിയുന്നതുമായ പ്രക്രിയയാണ്. ഇതിന് പരിഹാരമായിട്ടാണ് താരതമ്യേന ചെലവു കുറഞ്ഞതും രോഗികള്‍ക്ക് സ്വന്തമായി വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്നതുമായ പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് കൊണ്ടുവന്നത്.
മരുന്ന് വിതരണം ചെയ്യുന്ന കമ്പനികൾക്ക് വൻ തുക സർക്കാർ നൽകാനുണ്ട്. കുടിശിക കൊടുക്കാതെ ഫ്ലൂയിഡ് നൽകിയില്ലെന്ന് മരുന്ന് കമ്പനി അറിയിച്ചുകഴിഞ്ഞു. ഫ്ലൂയിഡിന്റെ ഒരു പാക്കറ്റിന് മുന്നൂറുരൂപയോളം വിലവരുന്നുണ്ട്. ഒരു ദിവസം മൂന്നുംനാലും പാക്കറ്റ് മരുന്ന് ആവശ്യമുള്ളവർ പ്രതിസന്ധിയിലായിരിക്കുകയാണ്.