കുസാറ്റിലെ പീഡന ആരോപണം; സർവകലാശാല ആഭ്യന്തര അന്വേഷണം തുടങ്ങി

സ്ത്രീകളുടെ പരാതികൾ പരിശോധിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ ചുമതലയുളള അധ്യാപികയോട് സംഭവം പരിശോധിച്ച് റിപ്പോർട്ട് നൽകാനും വിസി ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2024-03-04 06:48 GMT
Advertising

കൊച്ചി: കുസാറ്റ് കലോത്സവത്തിനിടെ സിൻഡിക്കേറ്റ് അംഗം വിദ്യാർഥിനിയെ കടന്നു പിടിച്ച സംഭവത്തിൽ സർവകലാശാല ആഭ്യന്തര അന്വേഷണം തുടങ്ങി. സംഭവത്തിന് ദൃക്‌സാക്ഷിയായ സെക്യൂരിറ്റി ഓഫീസറോടും കലോത്സവത്തിന്റെ കോഡിനേറ്റർ കെ.കെ ഗിരീഷ്‌കുമാറിനോടും വി.സി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഗിരീഷ് കുമാറിനെ കലോത്സവത്തിന്റെ കോഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറ്റി. ഹിന്ദി വകുപ്പിലെ ഡോ. ബിന്ദുവിനാണ് കലോത്സവത്തിന്റെ പുതിയ ചുമതല.

സ്ത്രീകളുടെ പരാതികൾ പരിശോധിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ ചുമതലയുളള അധ്യാപികയോട് സംഭവം പരിശോധിച്ച് റിപ്പോർട്ട് നൽകാനും വിസി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകയായ ഇര ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. സംഭവത്തിന് സാക്ഷിയായ അധ്യാപകരും ജീവനക്കാരും പ്രശ്‌നം ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നത്. ആരോപണ വിധേയനായ സിൻഡിക്കേറ്റ് അംഗം ഇന്ന് കാമ്പസിൽ എത്തിയിട്ടുണ്ട്. കാമ്പസിലുള്ള സിൻഡിക്കേറ്റ് അംഗങ്ങൾ അടിയന്തര യോഗം ചേർന്നു. വിവാദ ജീവനക്കാരനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ആരോപണ വിധേയനായ ജീവനക്കാരന്റേത് അനധികൃത നിയമനമാണെന്ന് നേരത്തേ ആരോപണമുണ്ട്. സംസ്ഥാനത്തെ ഒരു മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ് ആരോപണ വിധേയനായ ജീവനക്കാരൻ.അതിനിടെ സർവകലാശാല ഭരണകാര്യാലയത്തിലേക്ക് കെ.എസ്.യു മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരയായ പെൺകുട്ടി പാർട്ടിക്ക് മാത്രമാണ് നിലവിൽ പരാതി നൽകിയിട്ടുള്ളത്. സംഭവത്തിന് പിറകേ, പെൺകുട്ടിയുടെ ബന്ധുക്കളും വിദ്യാർഥി സംഘടനാ പ്രവർത്തകരും ചേർന്ന് ആരോപണ വിധേയനായ ജീവനക്കാരനെ ഓഫീസിലെത്തി മർദിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News