ഡി.സി.സി അധ്യക്ഷപ്പട്ടികയിലെ തർക്കം സൈബർ പോരിലേക്ക്; ചെന്നിത്തലയ്ക്കും കുടുംബത്തിനുമെതിരെ അധിക്ഷേപം
കോൺഗ്രസ് സൈബർ ടീം ഒഫീഷ്യൽ എന്ന ഫേസ്ബുക്ക് പേജിലാണ് ആക്രമണം
ഡി.സി.സി അധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നതിലെ തർക്കം കോൺഗ്രസ് സൈബർ ഇടങ്ങളിൽ ശക്തമാകുന്നു. രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപങ്ങളുണ്ട്. കോൺഗ്രസ് സൈബർ ടീം ഒഫീഷ്യൽ എന്ന ഫേസ്ബുക്ക് പേജിലാണ് ആക്രമണം. പിന്നിൽ ചില നേതാക്കൾ നിയമിച്ച സൈബർ ഗുണ്ടകളെന്ന് ഐ ഗ്രൂപ്പ് ആരോപിച്ചു.
ചെന്നിത്തല സാറും മകന്‍ രോഹിത് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പു പറഞ്ഞു രാജിവച്ചു പുറത്തുപോവേണ്ടതാണ്. നിങ്ങള്‍ ശവമടക്ക് നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി അതിജീവനത്തിനായി ശ്രമിച്ചു പുനര്‍ജനിച്ചു വരുമ്പോള്‍ നിങ്ങള്‍ അടങ്ങാത്ത പകയോടെ സജീവമായി രംഗത്തുറഞ്ഞാടുകയാണ്.. എന്നിങ്ങനെയാണ് പോസ്റ്റില്‍ പറയുന്നത്.
അതേസമയം ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തിരിക്കിട്ട നീക്കം നടക്കുന്നുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഉടന്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. ഡി.സി.സി അധ്യക്ഷന്‍മാരെ നിശ്ചയിക്കുന്നത് വൈകിയതോടെ കെ.പി.സി.സിയിലെ സഹഭാരവാഹികളെ നിശ്ചയിക്കുന്നതും നീണ്ടു പോകുകയാണ്.
ഗ്രൂപ്പുകള്‍ കെ.പി.സി.സി നേതൃത്വത്തിന് എതിരെ നീങ്ങുന്നുവെന്ന പരാതി നേതൃത്വത്തിനുണ്ട്. സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ മുന്നൊരുക്കം പുറത്തായത് ഐ ഗ്രൂപ്പിന് തിരിച്ചടിയായി. എ ഗ്രൂപ്പാവട്ടെ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ്. ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തിന് ശേഷമേ കെ.പി.സി.സിയിലെ സഹഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് കടക്കാന്‍ നേതൃത്വത്തിന് കഴിയൂ.