ശൈലജക്കെതിരായ സൈബർ ആക്രമണം: പരാതി പൂഴ്ത്തിവെച്ചതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശൻ
മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയെ പ്രീതിപ്പെടുത്തുകയാണെന്നും പ്രതിപക്ഷനേതാവ്
കോഴിക്കോട്: വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി ഡി സതീശന്‍. പരാതി നല്‍കി മൂന്നാഴ്ച്ച പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ് ? പരാതി പൂഴ്ത്തി വെച്ചതില്‍ പിണറായി വിജയന്‍ മറുപടി പറയണം. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള അവസാനത്തെ ആയുധമാണ്.സെെബര്‍ ആക്രണത്തില്‍ സംഘടനയിലെ ആര്‍ക്കെങ്കിലും പങ്കുളളതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
കോവിഡ് കാലത്ത് വന്‍ അഴിമതി നടത്തിയയാളാണ് കെ കെ ശൈലജ. കോവിഡ് മരണങ്ങളും സർക്കാർ മറച്ചുവെച്ചു. അതൊക്കെയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ആ കാര്യങ്ങള്‍ക്ക് അങ്ങനെ തന്നെ മറുപടി പറയണം. അല്ലാതെ പിആര്‍ ഏജന്‍സികളെ വെച്ച് വൈകാരിക പ്രകടങ്ങള്‍ നടത്തുകയല്ല വേണ്ടതെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. പാനൂരില്‍ ബോംബ് ഉണ്ടക്കിയത് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെയാണെന്നും സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയെ പ്രീതിപ്പെടുത്തുകയാണ്. ചില സീറ്റുകളിൽ സി.പി.എം-ബി.ജെ.പി ധാരണയുണ്ടായിട്ടുണ്ട്. അതില്ല എന്ന് സ്ഥാപിക്കാൻ കണ്ണിൽപ്പൊടിയിടുകയാണ്. നരേന്ദ്ര മോദിയുടെ സൽപേരിന് കളങ്കം വരുത്തിയതിന് കേരള പൊലീസ് കേസെടുത്തുവെന്നും വി.ഡി.സതീശൻ പറഞ്ഞു.