എറണാകുളത്ത് ഷിയാസ്, കോട്ടയത്ത് നാട്ടകം സുരേഷ്; ഡിസിസി പ്രസിഡണ്ടുമാരുടെ സാധ്യതാ പട്ടികയായി

പട്ടികയിൽ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന

Update: 2021-08-25 06:07 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ഗ്രൂപ്പ് പോരുകൾക്കിടെ സംസ്ഥാനത്തെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. അധ്യക്ഷന്മാരുടെ സാധ്യതാ പട്ടികയായിട്ടുണ്ട്. തിരുവനന്തപുരത്ത് ജിഎസ് ബാബുവിനെയും മുൻ എംഎൽഎ കെഎസ് ശബരീനാഥിനെയുമാണ് പരിഗണിക്കുന്നത്. ഉമ്മൻചാണ്ടിക്ക് സ്വാധീനമുള്ള കോട്ടയത്ത് നാട്ടകം സുരേഷ് പ്രസിഡണ്ടാകുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട എറണാകുളത്ത് മുഹമ്മദ് ഷിയാസിനെയാണ് പരിഗണിക്കുന്നത്.

കൊല്ലത്ത് രാജേന്ദ്ര പ്രസാദിനെയും എംഎം നസീറിനെയും പരിഗണിക്കുന്നുണ്ട്. പത്തനംതിട്ടയിൽ പ്രൊഫസർ സതീഷ് കൊച്ചുപറമ്പിലിനാണ് സാധ്യത. ആലപ്പുഴയിൽ ബാബു പ്രസാദ്, ഇടുക്കിയിൽ സിപി മാത്യു, തൃശൂരിൽ ജോസ് വാളൂർ, പാലക്കാട് എ തങ്കപ്പൻ എന്നിവർക്കാണ് സാധ്യത.

കോഴിക്കോട്ട് പ്രവീൺ കുമാറും വയനാട്ടിൽ കെകെ എബ്രഹാമും മലപ്പുറത്ത് വിഎസ് ജോയിയും അധ്യക്ഷ പദവിയിലെത്തിയേക്കും. സുധാകരന്റെ തട്ടകമായ കണ്ണൂരിൽ മാർട്ടിൻ ജോർജിനെയും കാസർക്കോട്ട് ഖാദർ മാങ്ങാടിനെയുമാണ് പരിഗണിക്കുന്നത്.

സാധ്യതാ പട്ടിക

  1. തിരുവനന്തപുരം - ജി എസ് ബാബു / കെ എസ് ശബരിനാഥ്
  2. കൊല്ലം - രാജേന്ദ്ര പ്രസാദ് / എം എം നസീർ
  3. പത്തനംതിട്ട - പ്രൊഫ സതീഷ് കൊച്ചു പറമ്പിൽ
  4. കോട്ടയം - നാട്ടകം സുരേഷ്
  5. ആലപ്പുഴ - ബാബു പ്രസാദ്
  6. ഇടുക്കി - സി പി മാത്യു
  7. എറണാകുളം - മുഹമ്മദ് ഷിയാസ്
  8. തൃശൂർ - ജോസ് വാളൂർ
  9. പാലക്കാട് - എ തങ്കപ്പൻ
  10. കോഴിക്കോട് - പ്രവീൺ കുമാർ
  11. വയനാട് - കെ കെ എബ്രഹാം
  12. മലപ്പുറം - വി എസ് ജോയ്
  13. കണ്ണൂർ - മാർട്ടിൻ ജോർജ്
  14. കാസർകോട് - ഖാദർ മാങ്ങാട്

ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഡൽഹിയിലാണുള്ളത്. ഇപ്പോൾ തയ്യാറാക്കിയ പട്ടികയിൽ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഇരുവരെയും അനുനയിപ്പിക്കാൻ എഐസിസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിട്ടില്ല.

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ ചൊല്ലി കടുത്ത ഭിന്നതാണ് നേതൃത്വത്തിനുള്ളത്. തിരുവനന്തപുരത്ത് ശശി തരൂരിന്റെ നോമിനിയാണ് ജിഎസ് ബാബു. കൊല്ലത്ത് രാജേന്ദ്രപ്രസാദിനെ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടത് വർക്കിങ് പ്രസിഡണ്ടായ കൊടിക്കുന്നിൽ സുരേഷാണ്. കൊടിക്കുന്നിലിനും തരൂരിനുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കൊല്ലത്ത് അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്ന മറ്റൊരു നേതാവായ എംഎം നസീർ ഐ ഗ്രൂപ്പുകാരനാണ്. കെപിസിസി ജനറൽ സെക്രട്ടറി കൂടിയാണിദ്ദേഹം. 

കോട്ടയത്ത് അഡ്വ ഫിൽസൽ മാത്യുവിനെയും യൂജിൻ തോമസിനെയും മറികടന്നാണ് നാട്ടകം സുരേഷിനെ പരിഗണിക്കുന്നത്. സുധാകരന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും നോമിനിയാണ് സുരേഷ്. എ വിഭാഗക്കാരനാണെങ്കിലും സുരേഷിന് ഉമ്മൻചാണ്ടിയുടെ പിന്തുണ വേണ്ടത്രയില്ലെന്നാണ് റിപ്പോർട്ട്. എറണാകുളത്ത് സാധ്യത കൽപ്പിക്കപ്പെടുന്ന മുഹമ്മദ് ഷിയാസ് വി.ഡി സതീശന്റെ അടുപ്പക്കാരനാണ്.

സതീശനെതിരെ പോസ്റ്റർ

അതിനിടെ, എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. സതീശന്റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയണമെന്നാണ് പോസ്റ്ററിലുള്ളത്. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും സതീശൻ പുതിയ ഗ്രൂപ്പുണ്ടാക്കുന്നു എന്നും പോസ്റ്ററിൽ ആരോപിക്കുന്നു.

വി.ഡി സതീശൻറെ ഗ്രൂപ്പുകളി അവസാനിപ്പിക്കുക, മുതിർന്ന നേതാക്കളെ അവഗണിക്കുന്ന സതീശൻറെ പൊയ്മുഖം തിരിച്ചറിയുക, സതീശൻ പുതിയ ഗ്രൂപ്പുണ്ടാക്കുന്നു എന്നും പോസ്റ്ററിലുണ്ട്. യഥാർഥ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്ററുകൾ.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News