മലപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണമെന്ന് പൊലീസ്
രണ്ട് ദിവസത്തെ പഴക്കമുളള മൃതദേഹം പൂര്‍ണമായും നഗ്നമായ നിലയിലായിരുന്നു
മലപ്പുറം പൂക്കിപറമ്പില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തെന്നല സ്വദേശി ശശിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു .
വെളളിയാഴ്ച വൈകീട്ട് ആറ് മണിയോടെ പൂക്കിപ്പറമ്പ് മണ്ണാര്‍പ്പടി അപ്ല ചോലക്കുണ്ടിലെ 70 അടി താഴ്ചയിലുള്ള പറമ്പിലാണ് തെന്നല സ്വദേശി ശശിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുളള മൃതദേഹം പൂര്‍ണമായും നഗ്നമായ നിലയിലായിരുന്നു.
സ്ഥലം ഉടമ തിരൂരങ്ങാടി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. മലപ്പുറത്തുനിന്നും വിരലടയാള, ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വിവാഹമോചിതനാണ് മരിച്ച ശശി. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ശശിയെ കാണാതായതായി ബന്ധുക്കള്‍ പറഞ്ഞു.