ഫാത്തിമ ലത്തീഫിന്‍റെ മരണം; പിതാവ് ചെന്നൈ സി.ബി.ഐ ആസ്ഥാനത്തെത്തി ഇന്ന് മൊഴി നൽകും
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തും.
മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. ഫാത്തിമയുടെ പിതാവ് അബ്‌ദുൾ ലത്തീഫ് ചെന്നൈ സി.ബി.ഐ ആസ്ഥാനത്തെത്തി ഇന്ന് മൊഴി നൽകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തും.
വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മദ്രാസ് ഐ.ഐ.ടിയിൽ ഉപരിപഠനത്തിന് പോയ ഫാത്തിമ ലത്തീഫിന്‍റെ മരണം നടന്നിട്ട് രണ്ട് വർഷവും ഒരു മാസവും പിന്നിട്ടു. മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന്‍റെ ഒരു വിവരവും അറിയില്ല എന്ന് കുടുംബം. അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെ പിതാവ് അബ്‌ദുൾ ലത്തീഫിനോട് ഇന്ന് ചെന്നൈയിൽ എത്തി മൊഴി നൽകാൻ സി.ബി.ഐ നോട്ടീസ് നൽകി. നീതിക്കായി ഇടപെടൽ ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയുമായി അബ്‌ദുൾ ലത്തീഫ് കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിരുന്നു. എല്ലാ പിന്തുണയും മുഖ്യമന്ത്രി അന്ന് വാഗ്ദാനം ചെയ്തിരുന്നു.