ദുരിതപ്പെയ്ത്ത്: മരണം 28 ആയി, ഇന്ന് കണ്ടെത്തിയത് നാല് മൃതദേഹം
ഇടുക്കി കൊക്കയാറില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 28 ആയി. ഇന്ന് നാല് മരണമാണ് സംഭവിച്ചത്.
ഇടുക്കി കൊക്കയാറില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. നാല് വയസുകാരന്‍ സച്ചു ഷാഹുലിന്‍റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ആന്‍റ് റസ്ക്യു ടീം, നാട്ടുകാര്‍ തുടങ്ങി നിരവധി സംഘങ്ങള്‍ രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു.
കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്നും കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി. സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൈസൂർ സ്വദേശികളുടെ മകൻ രാഹുൽ ആണ് മരിച്ചത്. തോടിന് സമീപമുള്ള കടവരാന്തയിൽ ഉറങ്ങുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്.
ഇന്നലെയുണ്ടായ കനത്ത മഴയില്‍ ഇടുക്കി പൂപ്പാറ പന്നിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. എസ്റ്റേറ്റ് പൂപ്പാറ സ്വദേശി ഓലപുരക്കൽ മോഹനൻ ആണ് മരിച്ചത്.