വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പൊലീസ് കസ്റ്റഡിയിൽ
പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും
Update: 2022-06-10 04:21 GMT
കോഴിക്കോട്: വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. മൊകേരി മുറുവശ്ശേരി സ്വദേശി ഏച്ചിത്തറേമ്മൻ റഫ്‌നാസ് (22) നെയാണ് നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കോഴിക്കോട് മെഡിക്കൽകോളജിൽ ചികിത്സയിലായിരുന്ന റഫ്‌നാസിനെ ഡിസ്ചാർജ് ചെയ്ത ഉടൻ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ നാദാപുരം സ്റ്റേഷനിൽ എത്തിച്ചു.
വിദ്യാർഥിനിയെ വെട്ടാൻ ഉപയോഗിച്ച കക്കട്ടിലെ കടയിലും പെട്രോൾ വാങ്ങിയ കല്ലാച്ചിയിലെ പെട്രോൾ പമ്പിലും പേരോട് അക്രമം നടന്ന സ്ഥലത്തും എത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും. പ്രണയം നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. പെൺകുട്ടിയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതിയും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.