ആദ്യം വരുന്ന അപേക്ഷക്ക് ആദ്യം സേവനം; ജനപ്രിയ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്
ഇതിനായി 11 ഓണ്‍ലൈന്‍ സേവനങ്ങള്‍ സാരഥി പോര്‍ട്ടലിലെ FCFS സംവിധാനവുമായി സംയോജിപ്പിച്ചു
തിരുവനന്തപുരം: ജനപ്രിയ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനമെന്ന നിലയില്‍ ഓണ്‍ലൈന്‍ സേവനം നവീകരിച്ചു. ഇതിനായി 11 ഓണ്‍ലൈന്‍ സേവനങ്ങള്‍ സാരഥി പോര്‍ട്ടലിലെ FCFS സംവിധാനവുമായി സംയോജിപ്പിച്ചു.
ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ണായക ചുവടുവെപ്പിലേക്ക് നീങ്ങിയത്. ഗതാഗത കമ്മീഷണറായി സി എച്ച് നാഗരാജു ചുമതലയേറ്റയുടന്‍ വരുത്തിയതാണ് മാറ്റങ്ങള്‍. FCFS എന്നാല്‍ ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ് അഥവാ ആദ്യം വരുന്ന അപേക്ഷക്ക് ആദ്യം സേവനം. എംവിഡിയുടെ സേവനങ്ങളില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ ആക്കിയിരുന്നെങ്കിലും പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിരുന്നില്ല.
ലേണേഴ്സ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിന്‍റെ പകര്‍പ്പ്, ഡൂപ്ലിക്കേറ്റ് ലൈസന്‍സ് എന്നിവ ലഭ്യമാക്കല്‍, ഡ്രൈവിങ് ലൈസന്‍സില്‍ പേര്, വിലാസം, ഫോട്ടോ, ഒപ്പ്, ജനനതീയതി എന്നിവ മാറ്റുക അല്ലെങ്കില്‍ തിരുത്തുക, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കല്‍, ഇന്‍റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ലഭ്യമാക്കല്‍, ഡ്രൈവിങ് ലൈസന്‍സില്‍ ക്ലാസ് ഓഫ് വെഹിക്കിള്‍ സറണ്ടര്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ FCFS സംവിധാനവുമായി സംയോജിപ്പിച്ചത്. വരും ദിവസങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ കൂടുതല്‍ ജനകീയ പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചത്.