'നിലവിലെ തിയറി പൊലീസിനെ കുറിച്ചാണ്, പാർട്ടിയെ സ്‌നേഹിക്കുന്നവർ തളരരുത്'; പൊലീസ് മർദനമേറ്റ 'ദേശാഭിമാനി' ലേഖകന്റെ എഫ്ബി പോസ്റ്റ് ചർച്ചയാകുന്നു

രണ്ട് ദിവസം മുമ്പാണ് ശരത്ത് പൊലീസിനെതിരായ വിമർശനങ്ങൾ ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടത്.

Update: 2024-10-06 10:03 GMT
Advertising

കണ്ണൂർ: മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളജിലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് മർദനമേറ്റ 'ദേശാഭിമാനി' ലേഖകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിന്റെ ഫോട്ടോ എടുത്തതിൽ പ്രകോപിതരായ പൊലീസുകാരാണ് ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകൻ ശരത്ത് പുതുക്കുടിയെ മർദിച്ചത്. തിരിച്ചറിയൽ കാർഡ് കാണിച്ചെങ്കിലും പിടിച്ചുവെച്ച് അസഭ്യം പറഞ്ഞ് മർദിച്ചെന്നാണ് പരാതി. തുടർന്ന് വലിച്ചിഴച്ചു ബസിൽ കയറ്റിയെന്നും ശരത്ത് പറഞ്ഞിരുന്നു.

രണ്ട് ദിവസം മുമ്പാണ് ശരത്ത് പൊലീസിനെതിരായ വിമർശനങ്ങൾ ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടത്. സിപിഎം കത്തിനിൽക്കുന്ന കാലത്ത് അതിനൊപ്പം ചേർന്ന് ഞാനും അവരുടെ ആളാണെന്ന് പക്ഷം പിടിക്കുക. അതേ പാർട്ടി പ്രതിസന്ധി നേരിടുമ്പോൾ വലതുപക്ഷത്തിന്റെ നാവായി സിപിഎമ്മിനെതിരെ നന്നാക്കൽ തിയറി രചിക്കുക. നിലവിലെ തിയറി പൊലീസിനെ കുറിച്ചാണ് പൊലീസുമായി ബന്ധപ്പെട്ട് അവരുടെ തലയിൽ കുറച്ചുകാലങ്ങളായി രൂപപ്പെട്ട ചില കാര്യങ്ങളുണ്ട്. അതിനെ ഇവിടെ സംഭവിക്കുന്ന എല്ലാത്തിലേക്കും കൂട്ടിക്കെട്ടി അവരുടെ വാദങ്ങൾ ശരിയായിരുന്നുവെന്ന് സ്ഥാപിച്ചുകൊണ്ടിരിക്കലാണെന്നും ശരത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

ശരത്തിന്റെ പഴയ പോസ്റ്റ്:

കാറ്റുള്ളപ്പോൾ തൂറ്റണം എന്ന് പഴമക്കാര്‍ പറയാറുണ്ട്. കാര്യങ്ങള്‍ സൗകര്യവും സന്ദര്‍ഭവും നോക്കി ചെയ്യണം എന്നാണ് അതിന്റെ വ്യാഖ്യാനം.

ആ തൂറ്റലാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. സിപിഐ എം കത്തിനില്‍ക്കുന്ന കാലത്ത് അതിനോടൊപ്പം ചേര്‍ന്ന് ഞാനും അവരുടെ ആളാണെന്ന് പക്ഷംപിടിക്കുക. അതേ പാര്‍ടി പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ വലതുപക്ഷത്തിന്റെ നാവായി സിപിഐ എമ്മിനെതിരെ നന്നാക്കല്‍ തിയറി രചിക്കുക.

നിലവിലെ തിയറി പൊലീസിനെ കുറിച്ചാണ്. പൊലീസുമായി ബന്ധപ്പെട്ട് അവരുടെ തലയിൽ കുറച്ച് കാലങ്ങളായി രൂപപ്പെട്ട ചില കാര്യങ്ങളുണ്ട്. അതിനെ ഇവിടെ സംഭവിക്കുന്ന എല്ലാറ്റിലേക്കും കൂട്ടിക്കെട്ടി അവരുടെ വാദങ്ങള്‍ ശരിയായിരുന്നെന്ന് സ്ഥാപിച്ച് കൊണ്ടിരിക്കലാണ്. അത് നടക്കട്ടെ. അതവരുടെ അവകാശം.

ആ തിയറികള്‍ വായിച്ച് പാര്‍ടിയെ സ്നേഹിക്കുന്ന ചിലര്‍ക്കെങ്കിലും ഉള്ളുപൊള്ളുന്നുണ്ടാവും. ഒരുതരം നിസഹായത രൂപപ്പെട്ടിട്ടുണ്ടാവും. അവരോടാണ്.. തളരരുത്. ഇതിലും വലിയ പ്രതിസന്ധികള്‍ നാം നേരിട്ടിട്ടുണ്ട്. ഗൗരിയമ്മയും, എം വി രാഘവനും കലഹിച്ച് പാര്‍ടി വിട്ടുപോയ കാലത്തും സിപിഐ എം കുലുങ്ങിയിട്ടില്ല. മരണശൈയയില്‍ കിടക്കുന്ന കാലത്ത് പോയവരൊക്കെ ഈ ചെങ്കൊടിത്തണലിലേക്ക് വന്നിട്ടുണ്ട്. അതാണ് ചരിത്രവും.

നിങ്ങളിപ്പോള്‍ നന്നാക്കികളാല്‍ വേട്ടയാപ്പെടുന്നുണ്ടാവും. എന്ത് പറയുമെന്നറിയാതെ വാക്കുകള്‍ മുറിയുന്നുണ്ടാവും. നിങ്ങള്‍ക്ക് ന്യായീകരണ തൊഴിലാളിയെന്നും അന്തം കമ്മിയെന്നുമുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടുന്നുണ്ടാവും. അതവര് അച്ചടിച്ചുവെക്കട്ടെ.

നമ്മള്‍ എല്ലാം അതിജീവിച്ചവരാണ്..നല്ലകാലം വരും.. ആ കാലത്ത് പാര്‍ടിയെ പിച്ചിച്ചീന്താന്‍ ഇട്ടുകൊടുത്ത കഴുകന്‍മാര്‍ക്കൊപ്പമല്ല, പാര്‍ടിക്കൊപ്പമായിരുന്നു ഞാനെന്ന് നമുക്ക് നെഞ്ചില്‍ കൈവച്ച് പറയാം. അഭിമാനിക്കാം. രക്തസാക്ഷി കൂടീരത്തിന് മുന്നില്‍ ചെന്ന് മുഷ്ടി ചുരുട്ടി ഒന്നൂടെ ഉച്ചത്തില്‍ വിളിക്കാം.. ഇന്‍ക്വിലാബ് സിന്ദാബാദ്.. സിപിഐ എം സിന്ദാബാദ്.

Full View

മർദനമേറ്റ ശേഷമുള്ള എഫ്ബി പോസ്റ്റ്

ഇന്നലെ പോളിടെക്നിക് കോളേജ് തെരഞ്ഞെടുപ്പായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ ഏരിയാ ലേഖകനെന്ന നിലയില്‍ മട്ടന്നൂര്‍ പോളിടെക്നിക് കോളേജിന് മുന്നില്‍ ആഹ്ലാദപ്രകടനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നത് 3.45ടെയാണ്. 4.45 കഴിഞ്ഞതോടെ എസ്എഫ്ഐ ജയിച്ചതായി ഫലപ്രഖ്യാപനം വരുന്നു. തുടര്‍ന്ന് വിജയികളെ ആനയിച്ച് എസ്എഫ്ഐയുടെ പ്രകടനം. പ്രകടനത്തിനിടയില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുടലെടുത്തു. ഇതെല്ലാം ദൂരെനിന്ന് ഞാനും കാണുന്നുണ്ട്. പഴയ എസ്എഫ്ഐ വിപ്ലവം ഉള്ളിലുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തനകനാണല്ലോ എന്ന ഉറച്ചബോധ്യത്തില്‍ അനങ്ങാതെ നിന്നു. പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തീവീശി. പ്രകോപനം സൃഷ്ടിക്കാന്‍ കൂടിനിന്ന പത്തോ പതിനഞ്ചോ കെഎസ്‌യു-എബിവിപി പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റിയാല്‍ തീര്‍ന്നേക്കാവുന്ന ഒരു പ്രശ്നം പൊലീസ് ലാത്തിച്ചാര്‍ജ് വരെ കൊണ്ടെത്തിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. ശേഷം ഇടിവണ്ടിയില്‍ കയറ്റി ബൂട്ടും ലാത്തിയും ഉപയോഗിച്ച് വീണ്ടും പൊതിരെ തല്ലുന്നു. ഒരുനിമിഷം പഴയചോറ്റുപട്ടാളത്തെ ഓര്‍മ വന്നു. പൊലീസ് ഇടിവണ്ടിയുടെ അടുത്തേക്ക് ഞാനും നീങ്ങി. അടച്ചിട്ട ഇടിവണ്ടിയില്‍ എത്തിവലിഞ്ഞ് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്ന ചിത്രമെടുക്കാന്‍ ശ്രമിച്ചു. തല്ലാന്‍ നേതൃത്വം കൊടുത്ത എഎസ്ഐ ഇടിവണ്ടിയില്‍ നിന്ന് ഇറങ്ങിവന്നു. ഞാനയാളുടെ നെഞ്ചിലെ നെയിംബോര്‍ഡ് നോക്കി. കെ ഷാജി എന്നാണ് പേര്. എന്റെ ഫോണില്‍ ആ പേര് കുറിച്ചുവച്ചു. ഇതയാളും കണ്ടു. ലാത്തിച്ചാര്‍ജിനിടെ ആരുടെയോ നഖംകൊണ്ട് അയാളുടെ നെറ്റിയില്‍ ചെറുതായി ചോരപൊടിഞ്ഞിട്ടുണ്ട്. കുറച്ചുനിമിഷങ്ങള്‍ക്ക് ശേഷം ഈ ഷാജി എന്ന എഎസ്ഐ കുറച്ച് പൊലീസുകാരെയും കൂട്ടി എന്റെ അടുക്കല്‍ വന്നു. ആരുടെയോ നഖംകൊണ്ട് ചോരപൊടിഞ്ഞ അയാളുടെ നെറ്റി കാട്ടി ഇവനെന്റെ തലയടിച്ച് പൊട്ടിച്ചുവെന്ന് ഒപ്പമുള്ള പൊലീസുകാരോട് പറഞ്ഞു. അവരെന്റെ നേര്‍ക്ക് പാഞ്ഞടുത്തു. ഞാന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ദേശാഭിമാനി ലേഖകനാണെന്ന് പലതവണ അവരോട് പറഞ്ഞുനോക്കി. എന്റെ തിരിച്ചറിയല്‍ കാര്‍ഡ് അവര്‍ക്ക് നേരെ നീട്ടി. വീണ്ടും വീണ്ടും പറഞ്ഞുനോക്കി. നീ ദേശാഭിമാനീല്‍ ആയാല്‍ ഞങ്ങക്കെന്താടാ എന്നായീ പിന്നീടുള്ള ചോദ്യം. പരിധിവിട്ടപ്പോള്‍ ഞാനും എന്തൊക്കെയോ തിരിച്ചുപറഞ്ഞു. കോണ്‍സ്റ്റബിള്‍മാരായ സന്ദീപ്, ജിനീഷ്, അശ്വിന്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പൂട്ടിട്ട് ഭീകരവാദിയെ പോലെ എന്നെ നടുറോഡിലൂടെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെ നിന്നായി മര്‍ധനം. കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാര്‍ടി നേതാക്കളെയും അസഭ്യം പറയുന്നു. ഞാനിതിലും വലിയ കളികളിച്ചിട്ടാണ് ഇവിടെയെത്തിയെതെന്ന് വെല്ലുവിളിക്കുന്നു. എന്നെ സസ്പെന്‍ഡ് ചെയ്താല്‍ എനിക്ക് പുല്ലാണെന്ന് പറയുന്നു. അന്‍പത്തി രണ്ട് തികഞ്ഞ ഒരു എഎസ്ഐയും ഇടിവണ്ടിയിലുണ്ട്. അങ്ങേരുടെ നെഞ്ചില്‍ നെയിംബോര്‍ഡില്ല. എനിക്കിനി അത്രയേ സെര്‍വീസുള്ളൂ നിങ്ങളേക്കൊണ്ട് ആവുന്നത് ചെയ്യൂ എന്ന് സൗമ്യമായി അയാളും പറയുന്നു. പൊലീസ് സ്റ്റേഷനിലെത്തുന്നതുവരെ ഇത് നീണ്ടു. സ്റ്റേഷന് മുന്നില്‍ പാര്‍ടി സഖാക്കള്‍ ഇടിവണ്ടിതടഞ്ഞു. ഞങ്ങളെ പുറത്തിറക്കി. മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ധനമേറ്റ സിപിഐ എം മട്ടന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി റെജിലും ഒപ്പമുണ്ട്.

പാര്‍ടിയാണ് ഞങ്ങള്‍ക്കൊപ്പമുള്ളത്.. അതിലോളം പ്രതീക്ഷ മറ്റൊന്നിലുമില്ല. മട്ടന്നൂര്‍ പൊലീസിലെ ചോറ്റുപട്ടാളത്തെ നിയമപരമായി നേരിടും. മുട്ടുമടക്കില്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News