നവകേരള സദസിനായി ചേര്‍ന്ന യോഗത്തിൽ പങ്കെടുത്തില്ല: അങ്കമാലിയില്‍ തൊഴിലുറപ്പ് മേറ്റ്മാർക്ക് നോട്ടീസ്

അങ്കമാലി ബ്ലോക്ക് പ്രോഗ്രാം ഓഫീസറാണ് നോട്ടീസ് നൽകിയത്. രണ്ട് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം

Update: 2023-11-25 11:39 GMT
Advertising

കൊച്ചി: നവകേരള സദസിന് മുന്നോടിയായി ചേർന്ന യോഗത്തിൽ പങ്കെടുക്കാത്തതിന് തൊഴിലുറപ്പ് മേറ്റ്മാർക്ക് നോട്ടീസ്. യോഗത്തിൽ പങ്കെടുക്കാത്തതിന് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. അങ്കമാലി ബ്ലോക്ക് പ്രോഗ്രാം ഓഫീസറാണ് നോട്ടീസ് നൽകിയത്. രണ്ട് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം.

കഴിഞ്ഞ ദിവസമാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തൊഴിലുറപ്പ്‌ മേറ്റുമാർക്കായി യോഗം വെച്ചത്. സമാന രീതിയിൽ നവകേരള സദസിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതായും പരാതി ഉയർന്നിരുന്നു. പടിയൂർ പഞ്ചായത്ത് പെരുമണ്ണ് വാർഡിലാണ് സംഭവം. നവകേരള സദസിനു മുന്നോടിയായി പഞ്ചായത്ത് വിളിച്ചുചേർത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലും ഇവർ പങ്കെടുത്തിരുന്നില്ല.

സി.പി.എം ഭരിക്കുന്ന പഞ്ചായത്താണ് പടിയൂർ.14 സ്ത്രീകൾക്കെതിരെയാണ് പഞ്ചായത്തിന്റെ നടപടിയെന്നാണു വിവരം. നവകേരള സദസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 19ന് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തില്ലെന്ന് കാണിച്ചാണു നടപടി. ഇതേ യോഗത്തിൽ തന്നെ അടുത്ത തൊഴിലുകളുമായി ബന്ധപ്പെട്ട തൊഴിലുറപ്പ് പ്രോജക്ട് യോഗവും നടത്തി. നവകേരള യോഗമാണെന്നു കരുതി തൊഴിലാളികൾ പങ്കെടുത്തില്ല.

സാധാരണ തൊഴിലുറപ്പ് പ്രോജക്ട് യോഗത്തിൽ അധ്യക്ഷനാകേണ്ടത് വാർഡ് അംഗമാണ്. കോൺഗ്രസ് നേതാവ് കൂടിയായ വാർഡ് അംഗത്തെ യോഗത്തിൽ പങ്കെടുപ്പിച്ചില്ലെന്നും പരാതിയുണ്ട്. ഇതിനുശേഷം 22ന് മട്ടന്നൂരിൽ നടന്ന നവകേരള സദസിലും തൊഴിലാളികൾ പങ്കെടുത്തിരുന്നില്ല. ഇന്നലെ രാവിലെ പണിക്കെത്തിയപ്പോഴാണു മസ്റ്റർ റോളിൽ പേരില്ലെന്നും ഇതിനാൽ പണിയില്ലെന്നും പറഞ്ഞു തിരിച്ചയച്ചതെന്നാണു വിവരം

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News