എങ്ങുമെത്താതെ ഡയറ്റ് ലക്ചറർ പരീക്ഷ PSC ലിസ്റ്റ്; ഒരു വർഷം കഴിഞ്ഞും പട്ടിക ആയില്ല

പരീക്ഷ നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും ചുരുക്കപട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ല

Update: 2024-10-22 02:27 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: പിഎസ് സിയുടെ മെല്ലെപ്പോക്ക് നയത്തിൽ പ്രതിസന്ധിയിലായി ഡയറ്റ് ലക്ചറർ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ. പരീക്ഷ നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും ചുരുക്കപട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ല. വേഗത്തിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ പിഎസ്‌സി ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

അധ്യാപക പരിശീലനം, ഡിഎൽഎഡ് കോഴ്സുകളുടെ നടത്തിപ്പ് തുടങ്ങി പ്രധാനപ്പെട്ട ചുമതലകളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറ്റുകൾക്ക് ഉള്ളത്. ഈ ഡയറ്റുകളിലേക്കുള്ള ലക്ചറർ പരീക്ഷ എഴുതിയവരാണ് ഇപ്പോൾ ദുരിതത്തിലായത്. 2008ലാണു അവസാനമായി ഡയറ്റിലെ അധ്യാപക തസ്തികയിൽ സ്ഥിര നിയമനം നടന്നത്. തുടർന്ന് വലിയ കോലാഹലങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ സ്ഥിരനിയമനം നടത്തുന്നതിനായി സർക്കാർ സ്പെഷ്യൽ റൂൾ തയ്യാറാക്കുകയും അത് 2022 ജനുവരിയിൽ പിഎസ്‌സിക്ക് കൈമാറുകയും ചെയ്തു. ശേഷം 2022 സെപ്റ്റംബറിൽ വിജ്ഞാപനം പുറപ്പെടുവിക്കുകയും ഒരു വർഷം കഴിഞ്ഞ് 2023 സെപ്റ്റംബർ മുതൽ നവംബർ വരെ പരീക്ഷകൾ നടത്തുകയും ചെയ്തു. ആ ഡിസംബറിൽ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും എന്ന് അറിയിച്ചിരുന്നുവെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും ചുരുക്കപ്പട്ടിക പോലും പുറത്തുവന്നിട്ടില്ല. പലതവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെയാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിന് ഇറങ്ങിയത്.

ആകെയുള്ള 14 ഡയറ്റുകളിൽ മൊത്തം 300 അധ്യാപകർ എന്നതാണ് കണക്ക്. എന്നാൽ ഇതിൽ 290 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ഒരു ഡയറ്റിൽ കുറഞ്ഞത് 30 അധ്യാപകർ വേണമെന്നിരിക്കെ ഒന്നോ രണ്ടോ പേരെ മാത്രം വച്ചാണ് ഓരോ സ്ഥാപനവും മുന്നോട്ടുപോകുന്നത്. അതിനാൽ തന്നെ അധ്യാപക പരിശീലനം അടക്കമുള്ള പ്രധാന പ്രവർത്തനങ്ങൾ അവതാളത്തിലാകുന്നു എന്നും പരാതി ഉണ്ട്.


Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News