സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു: ആറ് മാസത്തിനിടെ തട്ടിയത് നാല് കോടി

കേസുകളും പരാതികളും രണ്ട് വര്‍ഷത്തിനിടെ 300 ശതമാനം വർധിച്ചു

Update: 2021-08-23 08:52 GMT
Advertising

സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന. കേസുകളും പരാതികളും രണ്ട് വര്‍ഷത്തിനിടെ 300 ശതമാനം വർധിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ കേരളത്തിൽ ഏകദേശം 4 കോടിയോളം രൂപയുടെ തട്ടിപ്പുകൾ നടന്നു.

"ഞങ്ങളുടെ സാരി ഇന്‍സ്റ്റഗ്രാമില്‍ കണ്ട് ഈ സാരി എവെയ്‍ലബിള്‍ ആണോയെന്ന് ചോദിച്ച് ഒരാള്‍ മെസേജ് അയച്ചു. 3300 രൂപയാണെന്ന് ഞാന്‍ മറുപടി നല്‍കി. പെയ്മെന്‍റ് എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ ഗൂഗിള്‍ പേ ആണെന്ന് പറഞ്ഞു. പെയ്ഡ് എന്ന സ്ക്രീന്‍‌ ഷോട്ട് അയാള്‍ എനിക്ക് അയച്ചുതന്നു. 13300 രൂപ പേ ചെയ്തെന്നാണ് സ്ക്രീന്‍ ഷോട്ടിലുണ്ടായിരുന്നത്. മാറിപ്പോയതാണ്, തിരിച്ച് 10000 രൂപ ഇട്ടുതരുമോയെന്ന് എന്നോട് ചോദിച്ചു. ഞാനതിലേക്ക് പണം തിരിച്ചിടാന്‍ നോക്കുമ്പോള്‍ ഗൂഗിള്‍ പേയില്‍ നിന്ന് തന്നെ അലേര്‍ട്ട് മെസേജ് വന്നു. ഈ അക്കൌണ്ടിലേക്ക് പണം ഇടുന്നത് റിസ്ക് ആണെന്നായിരുന്നു അലേര്‍ട്ട്. എന്‍റെ സഹോദരന്‍ സ്ക്രീന്‍ ഷോട്ട് എടുത്തുനോക്കിയപ്പോഴാണ് മനസ്സിലായത് ആ സ്ക്രീന്‍ ഷോട്ട് ടൈപ്പ് ചെയ്ത് അയച്ചതാണെന്ന്"

സിനിമാതാരം ആര്യയുടെ മാത്രം അനുഭവമല്ലിത്. മൊബൈല്‍ ഫോണോ ലാപ്ടോപ്പോ കയ്യിലുളള ആരും എപ്പോള്‍ വേണമെങ്കിലും തട്ടിപ്പിനിരയാകാം. കോവിഡ് കാലത്ത് ഇടപാടുകൾ ഭൂരിഭാഗവും ഓൺലൈനിലേക്ക് മാറിയതും സാമ്പത്തിക തട്ടിപ്പുകാർക്ക് ചാകരയായി.

ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ നാല് കോടിയോളം രൂപയാണ് സൈബര്‍ മാഫിയ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍ നിന്ന് തട്ടിയെടുത്തത്. പത്തനംതിട്ടയിലെ ഒരു സ്ത്രീക്ക് മാത്രം ഒരു കോടി എണ്‍പത് ലക്ഷം രൂപ നഷ്ടമായി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ 6 മാസത്തിനിടെ 550 പേരാണ് പണം നഷ്ടമായെന്ന പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചത്. ഇവര്‍ക്ക് നഷ്ടമായ തുകയാകട്ടെ അരക്കോടിയോളം രൂപയും. കൊല്ലം ജില്ലയില്‍ നിന്ന് 22 ലക്ഷം രൂപയും തൃശൂരില്‍ നിന്ന് 18 ലക്ഷം രൂപയും വയനാട് നിന്ന് 12 ലക്ഷം രൂപയും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഇടപാടുകാര്‍ക്ക് നഷ്ടമായി.

എടിഎം, ഒടിപി, സിവിവി, ഓണ്‍ലൈന്‍ ഗിഫ്റ്റ്, സിംകാര്‍ഡ് തട്ടിപ്പുകള്‍ക്കൊപ്പം ഫോൺ പേ, ഗൂഗിൾ പേ ആപ്പിലൂടെയും പുത്തൻ തട്ടിപ്പുകളാണ്‌ ദിനംപ്രതി നടക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, ടെലിഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയുളള തട്ടിപ്പിനിരയായവരും ഏറെയാണ് കേരളത്തില്‍.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News